രാജ്യ ദ്രോഹിയായി ചിത്രീകരിക്കുന്നത് ആദ്യമായല്ല; മനസിലുള്ള തിരക്കഥ പോലെയാണ് സർക്കാർ സ്വീകരിക്കുന്ന നടപടികൾ: യൂജിൻ പെരേര
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപതാ വികാരി ജനറൽ യൂജിൻ പെരേര. തനിക്കെതിരെകേസ് എടുക്കുന്നതും രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നതും ആദ്യമായല്ലെന്ന് യൂജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞു. നിയമ ലംഘനത്തിന്റെ വഴി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വളരെയധികം അപകടകരമായ സ്ഥിതിയിലാണ് മുതലപ്പൊഴി നിർമിച്ചിരിക്കുന്നത്. വിഴിഞ്ഞത്ത് വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും വിഴിഞ്ഞം സമരസമയത്തും തന്നെ രാജ്യദ്രോഹി എന്ന് വിളിച്ചുവെന്നും യൂജിൻ പെരേര ആരോപിക്കുന്നു. മനസിലുള്ള തിരക്കഥ പോലെയാണ് സർക്കാർ സ്വീകരിക്കുന്ന നടപടികൾ. ആസൂത്രിതമായുള്ള നപടിയായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപധ്യത്തിന്റെ മൂന്ന് തൂണുകളെയും വരുതിയിലാക്കി. നാലാം തൂണിനെ ഇല്ലാതാക്കാനാണ് ശ്രമംനടക്കുന്നത്. അധികാരത്തിന്റെ മറവിൽ മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്നും യൂജിൻ പെരേര പറഞ്ഞു. കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചതിന് പിന്നാലെ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിമാരെ തടഞ്ഞ സംഭവത്തിലാണ് യൂജിൻ പെരേരക്കെതിരെ കേസ് എടുത്തത്.
അഞ്ചുതെങ്ങ് പോലീസ് ഇദ്ദേഹത്തിനെതിരെ ഐപിസി 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ നാലു മണിയോടെയാണ് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായത്. പരലോകമാത എന്ന ബോട്ടാണ് ശക്തമായ തിരയിൽ അപകടത്തിൽപെട്ടത്. ഇതിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയുമാണ്.