റിപ്പബ്ലിക് ദിനാഘോഷത്തിൽ കര്‍ണാടകത്തിന്റെ നിശ്ചലദൃശ്യത്തിനും അനുമതിയില്ല

single-img
9 January 2024

രാജ്യത്തെ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ കര്‍ണാടകയുടെ നിശ്ചലദൃശ്യത്തിനും അനുമതിയില്ല. കർണാടക സർക്കാർ നൽകിയ എല്ലാ മാതൃകകളും ആഭ്യന്തര മന്ത്രാലയം തള്ളിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കന്നഡിഗരെ അപമാനിക്കുന്ന പ്രവൃത്തിയാണ് കേന്ദ്രം ചെയ്തതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. നേരത്തെ, റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെയും കേന്ദ്രം വെട്ടിയിരുന്നു. വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവ് എന്നീ വിഷയങ്ങളില്‍ കേരളം സമർപ്പിച്ച നിശ്ചല ദൃശ്യ മാതൃകകളാണ് കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്.

2023 ൽ ബിജെപി ഭരണത്തിൽ സർക്കാർ നൽകിയ മാതൃക ആദ്യം തള്ളിയ ആഭ്യന്തര മന്ത്രാലയം പിന്നീട് കർണാടകയ്ക്ക് പരേഡിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. 13 വർഷത്തിന് ശേഷം ആദ്യമായി നിശ്ചല ദൃശ്യം തള്ളിയതിനെതിരെ അന്ന് പ്രതിഷേധം ശക്തമായിരുന്നു. ഇതിനെ തുടർന്നായിരുന്നു അന്ന് നിശ്ചല ദൃശ്യത്തിന് അനുമതി നൽകിയത്. നിലവിൽ വിഷയത്തിൽ കേന്ദ്രം രാഷ്ട്രീയം കളിക്കുന്നെന്ന് സിദ്ധരാമയ്യ വിമര്‍ശിക്കുന്നു.

ഇക്കുറി കർണാടകയുടെ ചരിത്രവും ബെംഗളൂരു വികസനവും ചിത്രീകരിക്കുന്ന പല മാതൃകകളും സംസ്ഥാനം മുന്നോട്ട് വെച്ചെങ്കിലും ഒന്ന് പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചില്ല. ക്ഷാമത്തിൽ വലയുന്ന കന്നഡ ജനതയ്ക്ക് സഹായം നൽകാത്തത് മുതൽ ടാബ്ലോയിൽ അനുമതി നൽകാത്തതിന് പിന്നിൽ വരെ രാഷ്ട്രീയമാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.