കണ്ണൂരിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ജനൽ ഗ്ലാസിന് പൊട്ടലുണ്ടായി

8 May 2023

കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത്. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ വൈകിട്ട് 3.27 നായിരുന്നു സംഭവം. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ട്രെയിനിന്‍റെ ജനൽ ഗ്ലാസിന് പൊട്ടലുണ്ടായി എന്നാണ് പ്രാഥമിക വിവരം.
സംഭവ സ്ഥലത്ത് ആര്‍പിഎഫ്, പൊലീസ് എന്നിവർ പരിശോധന നടത്തുന്നു. നേരത്തെ മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തിൽ തിരൂർ പൊലീസും റെയിൽവേ പൊലീസും അന്വേഷണം നടത്തിയെങ്കിലും സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് ഉണ്ടായത് എന്നത് അന്വേഷണത്തിന് തടസമായി.