കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനം: ബിനോയ് വിശ്വം
കണ്ണൂരിൽ സിപിഎം വിട്ട മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾ ഏറ്റെടുത്ത് സിപിഐ. കണ്ണൂരിൽ നിന്ന് കേൾക്കുന്ന കഥകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അധോലോക അഴിഞ്ഞാട്ടത്തിന്റെയും സ്വർണം പൊട്ടിക്കലിന്റെയും കഥകൾ വേദനിപ്പിക്കുന്നതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സോഷ്യൽ മീഡിയകളിൽ രക്ഷകവേഷം കെട്ടുന്നവർ അധോലോകത്തിന്റെ കര്യസ്ഥരെന്ന് അദ്ദേഹം വിമർശിച്ചു. പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളിൽ ഇത്തരക്കാരുടെ പങ്ക് ചെറുതല്ലെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇത്തരക്കാരിൽ നിന്ന് ബോധപൂർവം അകൽച്ചപാലിച്ചുകൊണ്ട് ഇടതുപക്ഷത്തിന് ജനവിശ്വാസം വീണ്ടെടുത്ത് മുന്നോട്ട് പോകാൻ കഴിയൂ എന്ന് ബിനോയ് വിശ്വം പ്രസ്താവനയിൽ പറയുന്നു.
ഇടതുപക്ഷം പ്രഖ്യാപിത ലക്ഷ്യങ്ങൾ മറന്നോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളോട് നീതി കാണിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചീത്ത പണത്തിന്റെ ആജ്ഞാനുവർത്തികളായി മാറി അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണെന്നും അവർക്ക് മാപ്പില്ലെന്നും ബിനോയ് വിശ്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.