ഫിലിപ്പൈന്‍സില്‍ കനത്ത നാശം വിതച്ച്‌ കൊടുങ്കാറ്റും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും

single-img
1 November 2022

മനില: ഫിലിപ്പൈന്‍സില്‍ കനത്ത നാശം വിതച്ച്‌ കൊടുങ്കാറ്റും ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവും.

ദുരന്തത്തില്‍ നൂറിന് മുകളില്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായതായി അധികൃതര്‍ സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. 69 പേര്‍ക്ക് പരിക്കേറ്റതായും 63 പേരെ കാണാതായതായും സര്‍ക്കാരിന്റെ ദുരന്ത നിവാരണ വിഭാഗം സ്ഥിരീകരിച്ചു.

രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി 9,75,000ലധികം ഗ്രാമീണര്‍ ഉള്‍പ്പെടെ ഒന്‍പത് ദശലക്ഷം ആളുകളെയാണ് ദുരന്തം മൊത്തത്തില്‍ ബാധിച്ചത്. പല കുടുംബങ്ങളേയും ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി. ചിലര്‍ ബന്ധു വീടുകളിലേക്ക് പലായനം ചെയ്തു. രണ്ട് ദശലക്ഷത്തോളം മനുഷ്യരാണ് വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്നത്.

വീശിയടിച്ച നാല്‍ഗേ കൊടുങ്കാറ്റിന് പിന്നാലെ കനത്ത മഴ പെയ്യുകയായിരുന്നു. പിന്നീട് ഉരുള്‍പ്പൊട്ടലുണ്ടായതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. മഗ്വിന്‍ഡനാവോ പ്രവിശ്യയിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഉരുള്‍പ്പൊട്ടിയതാണ് മഗ്വിന്‍ഡനാവോയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.

ദുരന്തത്തില്‍ പലര്‍ക്കും കിടപ്പാടം മുഴുവനായി നഷ്ടമായി. കൃഷി നാശം വേറെ. 4,100ലധികം വീടുകളും 16,260 ഹെക്ടര്‍ (40,180 ഏക്കര്‍) നെല്ലും മറ്റ് വിളകളും വെള്ളപ്പൊക്കത്തില്‍ നശിച്ചതായി അധികൃതര്‍ പറഞ്ഞു.

ഓരോ വര്‍ഷവും ഏകദേശം 20ഓളം ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും ഫിലിപ്പൈന്‍സ് ദ്വീപ് സമൂഹത്തെ ബാധിക്കുന്നു. നിരവധി അഗ്നിപര്‍വ്വത സ്ഫോടനങ്ങളും ഭൂകമ്ബങ്ങളും സംഭവിക്കുന്ന ഫിലിപ്പൈന്‍സ് ലോകത്തിലെ ഏറ്റവും ദുരന്ത ബാധിത സാധ്യത നിലനില്‍ക്കുന്ന രാജ്യമാണ്.