കൗതുകമായി തുർക്കിയിൽ ആകാശത്ത് കറങ്ങുന്ന വിചിത്ര മേഘം
എല്ലാവര്ക്കും കൗതുകമായി ആകാശത്ത് കറങ്ങുന്ന വിചിത്ര മേഘം തുർക്കിയിൽ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാവിലെ തുർക്കിയിലെ ബർസയിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ട വിചിത്ര മേഘത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
അന്താരാഷ്‌ട്ര മാധ്യമമായ ദ ഗാർഡിയൻ റിപ്പോർട് ചെയ്യുന്നതനുസരിച്ച് ഏതാണ്ട് വൃത്താകൃതിയിലുള്ള മേഘം, ലെന്റികുലാർ ക്ലൗഡ് എന്നാണ് അറിയപ്പെടുന്നത്. ഏകദേശം ഒരു മണിക്കൂറോളം ഇത് ആകാശത്ത് പ്രത്യക്ഷപെട്ടു. നിരവധി പേർ ഈ അപൂർവ പ്രതിഭാസത്തിന്റെ ചിത്രങ്ങൾ പകർത്തി.
പ്രസ്തുത മേഘത്തിന്റെ വീഡിയോകളും ചിത്രങ്ങളും ലോകമെമ്പാടും വൈറലായിട്ടുണ്ട്. ദി ഗാർഡിയൻ പറയുന്നതനുസരിച്ച്, ലെന്റികുലാർ മേഘങ്ങൾ അവയുടെ വളഞ്ഞ, പറക്കുന്ന തളിക പോലുള്ള രൂപത്തിന് പേരുകേട്ടതാണ്.
2000 മുതൽ 5000 മീറ്റർ വരെ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്. ഏകദേശം ലെന്‍സിന്‍റെ രൂപത്തിലുള്ള വസ്തു ലന്‍റിക്കുലാര്‍ എന്നതിനർത്ഥം. നേരിയ കുഴി പോലുള്ള രൂപത്തില്‍ വട്ടത്തിലാണ് ലെന്‍റിക്യുലാര്‍ വസ്തുക്കള്‍ കാണപ്പെടുക. ഇതേ രൂപത്തിൽ പ്രത്യക്ഷപെട്ടതിനാലാണ് ലെന്‍റിക്യുലാര്‍ എന്ന് പേര് വീണത്.