സ്റ്റേജ് ക്യാരിയേജ് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരിയേജ് വാഹനങ്ങൾക്കെതിരെ കർശന നടപടി

single-img
16 November 2023

സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജ് സർവ്വീസ് നടത്തുന്ന കോൺട്രാക്ട് ക്യാരിയേജ് വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശം. ടൂറിസം പെർമിറ്റ് ലഭിച്ച ശേഷം വ്യാപകമായി നിയമലംഘനം കണ്ടെത്തിയതിനാലാണ് നടപടി.

നിയമ പ്രകാരം കോൺട്രാക്ട് ക്വാരിയേജ് പെർമിറ്റ് വാഹനങ്ങൾക്ക് പല സ്റ്റോപ്പുകളിൽ നിർത്താനോ ആളുകളെ കയറ്റി സർവ്വീസ് നടത്താനോ അനുവാദമില്ല. ഈ രീതിയിലുള്ള വാഹനങ്ങൾ നിശ്ചിത ഇടത്തു നിന്ന് ആരംഭിച്ച് നിശ്ചിത സ്റ്റോപ്പിൽ ആളുകളെ ഇറക്കണമെന്നാണ് നിയമം. ഇത് ലംഘിച്ചുകൊണ്ട് സർവീസ് നടത്തുന്ന അന്തർസംസ്ഥാന ബസുകളടക്കം പിടിച്ചെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി നിർദ്ദേശിക്കുന്ന നിശ്ചിത ബസ് റൂട്ടുകളിൽ സർക്കാർ നിശ്ചയിക്കുന്ന ബസ് ചാർജ് ഈടാക്കി സർവീസ് നടത്തുവാൻ സ്റ്റേജ് കാരിയേജ് പെർമിറ്റുള്ള വാഹനങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂ. ഒരു സ്ഥലത്തുനിന്ന് യാത്ര ആരംഭിച്ച് നിശ്ചിത സ്ഥലത്ത് യാത്ര അവസാനിപ്പിക്കുന്നതിനാണ് കോൺട്രാക്ട് കാരിയോജ്യുകൾക്ക് പെർമിറ്റ് നൽകുന്നത്.

ടൂറിസം വികസനം ലക്ഷ്യമാക്കി നൽകുന്ന അഖിലേന്ത്യാ പെർമിറ്റിന്റെ മറവിൽ യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ നിന്ന് കയറ്റിയും ഇറക്കിയും അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനാണ് തീരുമാനം. കെ.എസ്.ആർ.ടി.സിയേയും ആയിരക്കണക്കിന് സ്വകാര്യ ബസുകളെയും അവയിലെ ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ ചില കോൺട്രാക്ട് കാരിയേജുകൾ സ്റ്റേജ് ക്യാരിയേജുകളായി സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന നടപടി സ്വീകരിക്കുവാൻ ആർടിഒമാർക്ക് നിർദ്ദേശം നൽകിയത്.

സവാരിക്കിടയിൽ വാഹനം പിടിച്ചെടുത്ത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ യാത്ര തുടങ്ങുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും പരിശോധന നടത്തി നിയമപ്രകാരം സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുവാനാണ് നിർദ്ദേശം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നതുൾപ്പെടെയുള്ള ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.