ലൈസന്‍സ് ഇല്ലാത്ത മൃഗങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടി കർശനമാക്കും

single-img
17 September 2022

കൊച്ചി: തെരുവുനായ നിയന്ത്രണ നടപടികളുടെ ഭാഗമായി വളര്‍ത്തുമൃഗങ്ങളുടെ വാക്‌സിനേഷനും ലൈസന്‍സിംഗും കര്‍ശനമാക്കും.

ലൈസന്‍സ് ഇല്ലാത്ത മൃഗങ്ങളുടെ ഉടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന്റെയും ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെയും നേതൃത്വത്തില്‍ നടന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.

നായ്ക്കളുടെ പരിപാലനവും പ്രതിരോധവും സംബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കും. വളര്‍ത്തു മൃഗങ്ങളുടെ പരിപാലനത്തിനൊപ്പം ആക്രമണമുണ്ടാകുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും സ്‌കൂള്‍ തലത്തില്‍ പരിശീലനം നല്‍കും. നായ്ക്കളുടെ അഭയ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും.

യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ.എന്‍.ഉഷ റാണി, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മറിയാമ്മ തോമസ്, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. പി.എം രജനി, വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.