പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കരുത്തരായ ബ്രസീലും പോര്‍ച്ചുഗലും ഇന്നിറങ്ങും


ദോഹ: ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ കരുത്തരായ ബ്രസീലും പോര്‍ച്ചുഗലും ഇന്നിറങ്ങും.
ബ്രസീല്‍ സ്വിറ്റ്സര്‍ലന്‍ഡിനെയും പോര്‍ച്ചുഗല്‍ ഉറുഗ്വേയേയും നേരിടും. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന മത്സരത്തില്‍ കാമറൂണ്‍ സെര്‍ബിയയെയും 6.30ന് നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ ഘാനയെയും നേരിടും.
ആദ്യ മത്സരത്തില്‍ ബ്രസീല്‍ എതിരില്ലാത്ത രണ്ട് ഗോളിന് സെര്‍ബിയയെ തകര്‍ത്തപ്പോള്‍ പോര്‍ച്ചുഗല്‍ ഘാനയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. അതേസമയം, ബ്രസീല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ഇറങ്ങുമ്ബോള്‍ സൂപ്പര്‍ താരം നെയ്‌മര്‍ ഇന്ന് കളിക്കില്ല. സെര്‍ബിയക്കെതിരായ മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.
നെയ്‌മറിന് പകരം ആരിറങ്ങും എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പകരക്കാരെ നിശ്ചയിച്ചുകഴിഞ്ഞുവെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ വ്യക്തമാക്കി. റിസര്‍വ് നിരയിലുള്ളവര്‍ മികവ് തെളിയിക്കാന്‍ കാത്തിരിക്കുകയാണെന്നും നെയ്‌മറുടെ അഭാവത്തില്‍ ആശങ്കയില്ലെന്നും ടിറ്റെ പ്രതികരിച്ചു.
പകരക്കാര്‍ ആരൊക്കെയെന്ന് തുറന്ന് പറഞ്ഞില്ലെങ്കിലും എഡര്‍ മിലിറ്റാവോ, ഡാനി ആല്‍വസ്, ഫ്രെഡ്, റോഡ്രിഗോ എന്നിവരിലേക്കാണ് ടിറ്റെ സൂചനകള്‍ തുറന്നിട്ടത്. ഗോള്‍കീപ്പറായി അലിസണ്‍ ബെക്കര്‍ തുടരും. പ്രതിരോധത്തില്‍ ഡാനിലോയ്ക്ക് പകരം എഡര്‍ മിലിറ്റാവോ അല്ലെങ്കില്‍ ഡാനി ആല്‍വസ് എത്തും. കസിമിറോ, ലൂക്കാസ് പക്വേറ്റ എന്നിവര്‍ക്കൊപ്പം നെയ്മറിന് പകരം റോഡ്രിഡോ, ഫ്രഡ് എന്നിവരില്‍ ഒരാളെയാകും പരിഗണിക്കുക.