മരപ്പട്ടി, ഈനാംപേച്ചി പരാമർശം പാർട്ടിയെ പരിഹാസ്യമാക്കി; എ കെ ബാലനെതിരെ രൂക്ഷവിമർശനം

single-img
24 June 2024

മുതിർന്ന സിപിഎം നേതാവായ എ കെ ബാലന്റെ പരാമർശം പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്ന് വിമർശനം. ചിഹ്നം സംരക്ഷിക്കാൻ വോട്ടു പിടിക്കണമെന്ന പരാമർശം തെറ്റായിപ്പോയെന്നും പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്നും പാലക്കാട് സിപിഎം ജില്ല കമ്മിറ്റിയിലാണ് വിമർശനമുയർന്നത്.

ഇതോടൊപ്പം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനെതിരെയും രൂക്ഷമായ വിമർശനമുയർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഇപി അനാവശ്യ വിവാദമുണ്ടാക്കിയത് തിരിച്ചടിയായെന്നും അം​ഗങ്ങൾ വിമർശിച്ചു. പ്രചാരണ വേളയിൽ ഏറ്റവും ചർച്ചയായതായിരുന്നു എ കെ ബാലന്റെ മരപ്പട്ടി, ഈനാംപേച്ചി പരാമർശം.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു .