ചൈനയില്‍ ശക്തമായ ഭൂചലനം; മരണം 46 ആയി
ബീജിംഗ് : ഇന്നലെ ചൈനയിൽ ഉണ്ടായ ഭൂചലനത്തില്‍ 46 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
തെക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലെ ലുഡിംഗ് കൗണ്ടിയില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളിലും അഭൂതപൂര്‍വമായ വരള്‍ച്ചയിലും ചൈനയില്‍ മരണസംഖ്യ കൂടുന്നതിനിടെയാണ് ഭൂചലനം.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12:25 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 29.59 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലും 102.08 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലും 16 കിലോമീറ്റര്‍ ആഴത്തിലാണെന്ന് ചൈനീസ് ഭൂചലന നെറ്റ്‌വര്‍ക്ക് സെന്ററിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ നടത്തുന്ന ന്യൂസ് ഏജന്‍സിയായ സിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം ലുഡിംഗില്‍ നിന്ന് 39 കിലോമീറ്റര്‍ അകലെയാണ്, കൂടാതെ പ്രഭവകേന്ദ്രത്തിന് ചുറ്റും 5 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ നിരവധി ഗ്രാമങ്ങളുമുണ്ട്.
46 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇയിനും ഉയര്‍ന്നേക്കുമെന്നാണ് സംശയം.
ഭൂചലനത്തില്‍ വെള്ളം, വൈദ്യുതി, ഗതാഗതം, ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നു.
ജീവന്‍ രക്ഷിക്കുക എന്നത് പ്രാഥമിക കര്‍ത്തവ്യമായി എടുക്കണമെന്ന് ഊന്നിപ്പറഞ്ഞ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ആളപായങ്ങള്‍ കുറയ്ക്കുന്നതിനുള്ള എല്ലാ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവിട്ടു. ഭൂകമ്ബ നിരീക്ഷണം ശക്തമാക്കാന്‍ ഷി ജിന്‍പിംഗ് ആവശ്യപ്പെട്ടു.
ചൈനയിലെ ഭൂചലനത്തിൽ ഇന്ത്യ അനുശേചനം അറിയിച്ചു. “സെപ്തംബര്‍ 5 ന് സിച്ചവാനിലുണ്ടായ ഭൂചലനത്തില്‍ നിരവധി ജീവനുകള്‍ പൊലീഞ്ഞതില്‍ അനുശോചിക്കുന്നു, പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ, പ്രാര്‍ത്ഥനകള്‍,” ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.