സ്‌കൂളുകളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സാന്താക്ലോസിന്റെ വേഷം ധരിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കരുത്: വിശ്വ ഹിന്ദു പരിഷത്ത്
മധ്യപ്രദേശിലെ ഭോപ്പാലിൽ സ്‌കൂളുകളില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് സാന്താക്ലോസിന്റെ വേഷം ധരിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കരുതെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഇവിടെയുള്ള സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇത് സംബന്ധിച്ച് സംഘടന കത്ത് നല്‍കി.സനാതന ഹിന്ദു മതത്തിലും സംസ്‌കാരത്തിലും വിശ്വസിക്കുന്ന വിദ്യാര്‍ത്ഥികളോട് ക്രിസ്തുമസ് ട്രീ കൊണ്ടുവരാനും സാന്താക്ലോസിന്റെ വേഷം ധരിക്കാനും നിര്‍ബന്ധിക്കുന്നതായി സംഘടന ആരോപിക്കുന്നു.
അങ്ങിനെ ചെയ്യുന്നത് ഹിന്ദു സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമാണെന്നും കുട്ടികളില്‍ ക്രിസ്തുമതം അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്നും വിഎച്ച്പി പറയുന്നു. ‘ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഇത്. ഇത്തരം വസ്ത്രങ്ങളോ ട്രീകളോ വാങ്ങി നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ക്കും സാമ്പത്തികമായും നഷ്ടമുണ്ട്. ഹിന്ദു കുട്ടികളെ സാന്താക്ലോസാക്കാനും ക്രിസ്തുമതത്തില്‍ വിശ്വാസമുണ്ടാക്കാനുമായി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ?
നമ്മുടെ ഹിന്ദുക്കളായ കുട്ടികള്‍ രാമന്‍, കൃഷ്ണന്‍, ബുദ്ധന്‍, ഗൗതം, മഹാവീര്‍, ഗുരു ഗോവിന്ദ് സിംഗ് എന്നിവരായി മാറണം. ഇവർ എല്ലാവരുംതന്നെ വിപ്ലവകാരികളും മഹാന്മാരുമാണ്. എന്നാൽ അവര്‍ സാന്താക്ലോസാകരുത്,’ സംഘടന കത്തില്‍ പറഞ്ഞു.
ഇന്ത്യ എന്നത് വിശുദ്ധരുടെ നാടാണ്, സാന്താക്ലോസിന്റേതല്ലെന്നും വിഎച്ച്പി കത്തില്‍ കൂട്ടിച്ചേര്‍ത്തു. ഇതുപോലെയുള്ള സ്‌കൂളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു