മന്ത്രിമാർ എടുക്കുന്നത് മണ്ടൻ തീരുമാനം; മുഖ്യമന്ത്രി എരിതീയിൽ എണ്ണയൊഴിക്കുന്നു: കെ സുരേന്ദ്രൻ
കേരളത്തിൽ സർക്കാർ ഒരു ഭരണ പ്രതിസന്ധി ഉണ്ടാക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രിമാർ എടുക്കുന്നത് മണ്ടൻ തീരുമാനങ്ങളാണെന്നും എരിതീയിൽ എണ്ണ ഒഴിക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും അദ്ദേഹത്തെ കൊണ്ട് രാജിവയ്പ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മന്ത്രിയോട് ഗവർണറുടെ മനസിന്റെ പ്രീതി നഷ്ട്ടപ്പെട്ടു എന്നതല്ല വിഷയം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇങ്ങനെയാണോ സംരക്ഷിക്കേണ്ടതെന്നും സുരേന്ദ്രൻ ചോദിച്ചു.
വിസി വിഷയത്തിൽ ചാൻസലർ കൂടിയായ ഗവർണർ എടുത്ത നിലപാട് തന്നെയാണ് ഹൈക്കോടതിയും പറഞ്ഞത്. ഈ കാര്യത്തിൽ ചാൻസലറുടെ അധികാരത്തെ ഹൈക്കോടതി ഒരു ഘട്ടത്തിലും ചോദ്യം ചെയ്തിട്ടില്ല. എം വി ഗോവിന്ദന് എന്തു വേണമെങ്കിലും പറയാം. എന്നാൽ ഗവർണർ നിശ്ചയിച്ച സംസ്ഥാനത്തെ മന്ത്രിമാർക്ക് എന്തെങ്കിലും പറയാൻ കഴിയില്ല. മന്ത്രിമാർക്ക് ഒരിക്കലും രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കാനാകില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. അതോടൊപ്പം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാ പോയ കോടാലിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.