സുധാകരന്‍ ഉടന്‍ ആര്‍.എസ്.എസ്സില്‍ പോകും; സജി ചെറിയാന്‍
ആലപ്പുഴ: വിവാദ പരാമര്‍ശങ്ങളില്‍ കെ. സുധാകരനെ കടന്നാക്രമിച്ച് മുന്‍ മന്ത്രി സജി ചെറിയാന്‍. സുധാകരന്‍ ഉടന്‍ ആര്‍.എസ്.എസ്സില്‍ പോകും.
അതുകൊണ്ടാണ് അദ്ദേഹം ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും സജി ചെറിയാന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ആര്‍.എസ്.എസിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെ. സുധാകരന് ഭ്രാന്താണെന്ന് പറയുന്നത് അധികവാക്കല്ല. ഒരാള്‍ക്ക് വട്ടുപിടിക്കുമ്ബോള്‍ അടിക്കടി മരുന്ന് കൊടുത്തുകൊണ്ടിരിക്കണം. ഇല്ലെങ്കില്‍ വട്ട് കൂടിക്കൊണ്ടിരിക്കും. രാജ്യത്തെ ഫാസിസത്തെ പിന്തുണക്കുന്ന പ്രസ്താവനയാണ് സുധാകരന്‍ നടത്തിയത്. കെ.പി.സി.സി അധ്യക്ഷനായി അദ്ദേഹത്തിന് ഒരു നിമിഷവും ഇരിക്കാന്‍ പറ്റില്ല-സജി ചെറിയാന്‍ വിമര്‍ശിച്ചു.
അതിനിടെ, വിവാദ പരാമര്‍ശങ്ങളെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തള്ളി. പ്രസ്താവനയെ ലാഘവത്തോടെ കാണുന്നില്ല. തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടി ഗൗരവത്തോടെ കാണുന്നു. പാര്‍ട്ടിയില്‍ ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയിട്ടുണ്ട്. നാക്കുപിഴയാണെന്ന് സുധാകരന്‍ അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികളുമായി ആശയവിനിമയം നടത്തും. യു.ഡി.എഫിലെ ഏതെങ്കിലും ഘടകക്ഷിയെ മാത്രം ബാധിക്കുന്ന വിഷയമല്ല ഇതെന്നും സതീശന്‍ പറഞ്ഞു.