തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവ പ്രതിഷ്ഠാന്‍ സംഘടനയുടെ നേതാവായ സാംഭാജി ബിഡെയുടെ കാല്‍ തൊട്ട് വന്ദിച്ച് സുധാമൂര്‍ത്തി; രൂക്ഷ വിമർശനം

single-img
10 November 2022

തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവ പ്രതിഷ്ഠാന്‍ എന്ന സംഘടനയുടെ നേതാവായ സാംഭാജി ബിഡെയുടെ കാല്‍ തൊട്ട് വന്ദിച്ച എഴുത്തുകാരി സുധാമൂര്‍ത്തി വിവാദത്തില്‍.

തിങ്കളാഴ്ച മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഒരു പുസ്തക പ്രചാരണ പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം. വിവാദമായതോടെ സാംഭാജി ആരാണെന്ന് തനിക്ക് അറിവില്ലായിരുന്നെന്ന് എഴുത്തുകാരി വിശദീകരിച്ചു.

എഴുത്തുകാരി, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ ഭാര്യ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഭാര്യാമാതാവ് അങ്ങനെ പലതരത്തില്‍ പ്രശസ്തയാണ് സുധാമൂര്‍ത്തിയാണ് വിവാദത്തില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ അവര്‍ നടത്തിയ കൂടിക്കാഴ്ചയാണ് വന്‍ വിവാദമായത്. ഭീമാ കൊറേഗാവ് കേസില്‍ പ്രതി പട്ടികയിലുണ്ടായിരുന്നയാളാണ് സാംഭാജി ഭിഡെ. 2018 ജനുവരി 1നുണ്ടായ ഭീമാ കൊറേഗാവ് സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പൊലീസുകാര്‍ അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയില്‍ നിരവധി അനുയായികളുള്ള തീവ്ര ഹിന്ദുത്വ നിലപാടുകാരനാണ് സാംഭാജി ഭിഡെ. തന്നോട് സംസാരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തക പൊട്ട് തൊട്ടില്ലെന്ന് കാട്ടി സംസാരിക്കാതിരുന്നതാണ് ഒടുവില്‍ അദ്ദേഹത്തെ കുപ്രസിദ്ധനാക്കിയത്. ആ സംഭവത്തില്‍ വനിതാ കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പുസ്തകത്തിന്‍റെ പ്രചാരണ പരിപാടിക്കെത്തിയ സുധാമൂര്‍ത്തി ഇങ്ങനെയൊരു വിവാദ പുരുഷനെ കണ്ട് കാല്‍ തൊട്ട് വന്ദിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

എന്നാല്‍ തനിക്ക് ഭിഡെയെ അറിയില്ലായിരുന്നെന്നും പരിപാടി നടക്കുന്ന സ്ഥലത്തെത്തിയ അദ്ദേഹത്തിന്‍റെ അനുയായികള്‍ നിര്‍ബന്ധപൂര്‍വം കൊണ്ട് പോയതാണെന്നുമാണ് കാല് തൊട്ട് വന്ദിക്കാനുണ്ടായ സാഹചര്യത്തേക്കുറിച്ച്‌ സുധാ മൂര്‍ത്തി വിശദീകരിക്കുന്നത്. സംഭാജിയുടെ നാട്ടിലാണ് പരിപാടിയെന്നതിനാല്‍ പൊലീസും ഇക്കാര്യം ആവശ്യപ്പെട്ടെന്നാണ് പറയുന്നത്. പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട വ്യക്തിയല്ലായിരുന്നു ഭിഡെയെന്നും പൊലീസിന്‍റെ നിര്‍ബന്ധത്തിലാണ് ഭിഡെയെ പരിപാടിയില്‍ എത്തിച്ചതെന്നുമാണ് പരിപാടിയുടെ സംഘാടകരായ മെഹ്ത പബ്ളിഷിംഗ് ഹൌസ് വ്യക്തമാക്കുന്നത്.

പരിപാടിയിലേക്ക് ഭിഡെയുടെ അനുയായികള്‍ എത്തിയതിന് പിന്നാലെ പൊലീസ് സമ്മര്‍ദ്ദത്തിലായെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ വിവാദത്തിനില്ലെന്നും അവര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ഇംഗ്ലീഷ്, കന്നഡ സാഹിത്യകാരിയായ സുധാ മൂര്‍ത്തി ഇന്‍ഫോസിസ് ഫൌണ്ടേഷന്‍റെ ചെയര്‍ പേഴ്സണ്‍ സ്ഥാനത്ത് നിന്ന് 2021 ഡിസംബര്‍ 31നാണ് വിരമിച്ചത്.