എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചത്;രക്തത്തിൽ കുളിച്ചിരുന്നു; ദൃക്സാക്ഷിയുടെ വാക്കുകൾ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2023/06/kollam-sudhi-1-1024x576.jpg)
തൃശൂർ : നടൻ കൊല്ലം സുധിയുടെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പുലർച്ചെ നാല് ഇരുപതോടെയാണ് അപകടമുണ്ടായതെന്നും ഇരുവാഹനങ്ങളും നേർക്കുനേരെത്തി കൂട്ടിയിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇടിയുടെ ശബ്ദം കേട്ടാണ് ഓടിയെത്തിയത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം. എയർബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചത്. ഡ്രെവറെ പുറത്തിറക്കി കസേരയിലിരുത്തി. അപ്പോഴേക്കും കുറേപ്പേർ ഓടിയെത്തി. കാറിലുണ്ടായിരുന്നവരെ മൂന്ന് ആംബുലൻസിലാക്കി ആശുപത്രിയിലേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ദൃക്സാക്ഷി സുനിൽ വിശദീകരിച്ചു.
തൃശൂർ കയ്പമംഗലത്ത് വെച്ചുണ്ടായ അപകടത്തിൽ നടൻ കൊല്ലം സുധി മരിച്ചതിന്റെ ഞെട്ടലിലാണ് സിനിമാ മേഖലയാകെ. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഡ്രൈവർ ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്.