സുജിത കൊലപാതക കേസ്; വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി
തുവ്വൂർ സുജിത കൊലപാതക കേസിൽ പ്രതിയായ വിഷ്ണുവിനെ യൂത്ത് കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. നേരത്തെ തന്നെ സംഘടനാപരമായ കാരണങ്ങളാൽ 2023 മെയ് 24 ന് വിഷ്ണുവിനെ സംഘടന സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നുവെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു.
കൊലപാതക കേസിലെ പ്രതി വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. അതേസമയം, വിഷ്ണു തന്റെ വീട്ടില്‍ വെച്ചു തന്നെയാണ് സുജിതയെ കൊലചെയ്തതെന്നാണ് സൂചന. സുചിതയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 11നാണ് സുജിതയെ കാണാതായത്. കൃഷിഭവനിലെ താത്കാലിക ജീവനക്കാരിയായിരുന്ന സുജിത രാവിലെ 11 മണിയോടെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് കൃഷി ഭവനില്‍ നിന്ന് ഇറങ്ങി. അന്ന് വൈകുന്നേരം മൊബൈല്‍ ഫോണ്‍ ഓഫാവുകയും ചെയ്തു. സുജിതയെ കാണാതായ ദിവസം വിഷ്ണുവിന്റെ വീടിന് സമീപം പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.
സുജിതയെ കാണാതായതിന്റെ പിറ്റേ ദിവസം തുവ്വൂരിലെ ഒരു സ്വര്‍ണക്കടയില്‍ വിഷ്ണു ആഭരണങ്ങള്‍ വില്‍ക്കാനെത്തിയിരുന്നു. സുജിതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ആഭരണങ്ങളാണ് വിറ്റതെന്നാണ് നിഗമനം. ആഭരണം കവരാനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന.