വിഷാംശങ്ങള്‍ ചേര്‍ന്ന പുക; കൊച്ചിയില്‍ ഇന്ന് സൂര്യന്‍ ഉദിച്ചത് 9 മണിക്ക്: വിഡി സതീശൻ

single-img
10 March 2023

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടുത്ത വിഷയവുമായി ബന്ധപ്പെട്ട് ചേര്‍ന്ന മന്ത്രിതല യോഗം നിരാശപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മന്ത്രിസഭയിൽ നിന്നും വെറും രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ കേന്ദ്രീകൃത മാലിന്യ സംസ്‌ക്കരണ പദ്ധതി മാറ്റി ഉറവിടത്തില്‍ മാലിന്യം സംസ്‌ക്കരിക്കണമെന്ന പുതിയ രീതി മാത്രമാണ് മുന്നോട്ട് വച്ചത്.

പ്രദേശത്തെ ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് ഇപ്പോഴും അവ്യക്തതയാണ്. തീ എന്ന് അണയ്ക്കും എന്നത് സംബന്ധിച്ച് ഒരു ഉറപ്പുമില്ല. ഒന്‍പതാം ദിവസവും തീ കത്തുകയാണ്. അപകടകരമായ വിഷാംശങ്ങള്‍ ചേര്‍ന്ന പുക നിറഞ്ഞതിനാല്‍ കൊച്ചിയില്‍ ഇന്ന് സൂര്യന്‍ ഉദിച്ചത് 9 മണിക്കാണെന്നും സതീശന്‍ പറഞ്ഞു.

”കോവിഡ് മഹാമാരി വന്നതു പോലെയല്ല ഇപ്പോഴുള്ള സാഹചര്യത്തെ നേരിടേണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് തീ അണയ്ക്കാന്‍ പറ്റുന്നില്ലെങ്കില്‍ കൃത്രിമ മഴ ഉള്‍പ്പെടെ എത്രയോ മാര്‍ഗങ്ങളുണ്ട്. അതിനെക്കുറിച്ചൊന്നും സര്‍ക്കാര്‍ ആലോചിക്കുന്നില്ല. തീ എപ്പോള്‍ നില്‍ക്കുമോ അപ്പോള്‍ നില്‍ക്കട്ടേയെന്ന നിലപാടിലാണ്. ഈ കാര്യത്തിൽ ഒരു ക്രൈസിസ് മാനേജ്‌മെന്റും സര്‍ക്കാരിനില്ല.

പ്ലാന്റിലെ മാലിന്യം പെട്രോള്‍ ഒഴിച്ച കത്തിച്ചെന്നത് ക്രിമിനല്‍ കുറ്റമാണ്. ഇതുമായി ബന്ധപ്പെട്ട് ചോദിച്ചപ്പോള്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പറയുന്നത്. ഈ 9 ദിവസവും കമ്മിഷണര്‍ എവിടെയായിരുന്നു.? തെളിവുകള്‍ നശിപ്പിക്കുന്നതിന് മുന്‍പ് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമായിരുന്നു. പ്രാഥമിക അന്വേഷണം നടത്താന്‍ 9 ദിവസമായിട്ടും കഴിയാത്തതിന് കാരണം പ്രതികള്‍ വേണ്ടപ്പെട്ടവരായതു കൊണ്ടാണ്. പ്രതികളെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.