കുഴിമന്തി പോസ്റ്റ്: മാപ്പു പറഞ്ഞു സുനില് പി ഇളയിടം; കമന്റ് പിൻവലിച്ചു ശാരദക്കുട്ടി


മലയാള ഭാഷയിൽനിന്ന് കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന വി.കെ ശ്രീരാമന്റെ പോസ്റ്റിൽ കമെന്റ് ചെയ്തതിനു വിശദീകരണവുമായി സുനില് പി ഇളയിടവും, ശാരദക്കുട്ടിയും. ശ്രദ്ധക്കുറവും പിഴവുമുണ്ടായി, നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു എന്ന് സുനില് പി ഇളയിടം പറഞ്ഞപ്പോൾ പൊളിറ്റിക്കൽ കറക്ട്‌നസ്സിന് ശ്രമിക്കാറുണ്ട്, ഇടക്ക് കാൽ വഴുതുന്നുവെങ്കിൽ കൂടുതൽ ശ്രദ്ധിക്കാം എന്ന് ശാരദക്കുട്ടിയും പ്രതികരിച്ചു.
വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ട്. ശ്രീരാമേട്ടൻ്റെ പോസ്റ്റിനോടുള്ള പ്രതികരണത്തിലും ഞാൻ ഉദ്ദേശിച്ചത് അതാണ്’ – സുനില് പി ഇളയിടം പറഞ്ഞു.
പൊളിറ്റിക്കൽ കറക്ടാകാൻ പരമാവധി ശ്രമിക്കുന്നത് സമാന്യ മര്യാദ അതാണല്ലോയെന്ന് കരുതി ബോധപൂർവ്വം പരിശ്രമിക്കുന്നതു കൊണ്ടാണെന്നും ഇടക്ക് കാൽ വഴുതുന്നുവെങ്കിൽ ഇനിയും കൂടുതൽ ശ്രദ്ധിക്കാം – എസ്. ശാരദക്കുട്ടിയും പറഞ്ഞു.
നടന്‍ വി.കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിനെ തുടര്‍ന്നാണ് കുഴിമന്തിയെ ചൊല്ലി പുതിയ വിവാദം ഉണ്ടായത്. ഒരു ദിവസത്തേക്ക് എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ ഞാൻ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദർശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്. പറയരുത്, കേൾക്കരുത്, കാണരുത്, കുഴിമന്തി’ എന്നാണ് ശ്രീരാമന്‍ ഫേസ്ബുക്കില്‍ എഴുതിയത്. പോസ്റ്റിനെ പിന്തുണച്ച് സുനില്‍ പി ഇളയിടം അടക്കമുള്ള സാംസ്കാരിക നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് വിവാദം കടുത്തത്.