കുഴിമന്തി നിരോധന’ വിവാദത്തില്‍ വിശദീകരണവുമായി സുനില്‍ പി
സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച ‘കുഴിമന്തി നിരോധന’ വിവാദത്തില്‍ വിശദീകരണവുമായി സുനില്‍ പി.
ഇളയിടം. വി.കെ. ശ്രീരാമന്‍റെ പോസ്റ്റിന് പിന്തുണ നല്‍കിയ തന്‍റെ നിലപാടില്‍ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട്. അതില്‍ ഖേദം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായി ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണ് കുഴിമന്തി. ‘മൊളൂഷ്യം’ എന്ന വിഭവത്തിന്‍റെ പേരും ഇതു പോലെ ഇഷ്ടമല്ലാത്ത ഒന്നാണ്. ഇവക്കൊക്കെ കുറച്ചുകൂടി തെളിച്ചമുള്ള മലയാള പദങ്ങള്‍ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്. എന്നാല്‍, ഇതൊന്നും ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ആശയങ്ങള്‍ക്ക് ന്യായമാകുന്നില്ല. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങള്‍ ഒട്ടുമേ സ്വീകാര്യവുമല്ല -സുനില്‍ പി. ഇളയിടം വിശദീകരിക്കുന്നു.
സുനില്‍ പി. ഇളയിടത്തിന്‍റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം…കുഴിമന്തി എന്ന പേരിനെ മുന്‍നിര്‍ത്തി ശ്രീരാമേട്ടന്‍ പറഞ്ഞ അഭിപ്രായവും അതിനോടുള്ള എന്‍റെ പ്രതികരണവും ചര്‍ച്ചയായ സന്ദര്‍ഭത്തില്‍ അതേക്കുറിച്ച് ചില കാര്യങ്ങള്‍ വ്യക്തമാക്കണം എന്നു കരുതുന്നു. വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ട്. ശ്രീരാമേട്ടന്‍റെ പോസ്റ്റിനോടുള്ള പ്രതികരണത്തിലും ഞാന്‍ ഉദ്ദേശിച്ചത് അതാണ്. ‘മൊളൂഷ്യം’ എന്നവിഭവത്തിന്‍റെ പേരും ഇതു പോലെ വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഒന്നാണ്. ഭാഷാ- സാഹിത്യ പഠനത്തില്‍ വരുന്ന ജഹദജഹല്‍ ലക്ഷണ തുടങ്ങിയ പല പ്രയോഗങ്ങളും അങ്ങനെയുണ്ട്. ഇവയ്ക്കൊക്കെ കുറച്ചു കൂടി തെളിച്ചമുള്ള മലയാള പദങ്ങള്‍ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്. എന്നാല്‍, ഇതൊന്നും ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ആശയങ്ങള്‍ക്ക് ന്യായമാകുന്നില്ല. ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങള്‍ ഒട്ടുമേ സ്വീകാര്യവുമല്ല. തന്‍റെ അഭിപ്രായം പറയാന്‍ ശ്രീരാമേട്ടന്‍ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് ഞാന്‍ കരുതുന്നത്. എങ്കിലും ആ പ്രയോഗങ്ങള്‍ക്ക് അതേപടി പിന്തുണ നല്‍കിയ എന്‍റെ നിലപാടില്‍ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട്. പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവയ്ക്കുന്നു എന്ന തോന്നലുളവാക്കാന്‍ അത് കാരണമായിട്ടുണ്ട്. അക്കാര്യത്തിലുള്ള എന്‍റെ നിര്‍വ്യാജമായ ഖേദം രേഖപ്പെടുത്തുന്നു.