ശമ്പള കുടിശ്ശികക്ക് പകരം സപ്ലൈകോ കൂപ്പൺ; വേണ്ടെന്ന്കെഎസ്ആർടിസി ജീവനക്കാർ
കൊച്ചി: ശമ്പള കുടിശ്ശികയ്ക്ക് പകരം കെഎസ്ആർടിസി ജീവനക്കാർക്ക് സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകൾ നൽകാകുമോ എന്ന് സർക്കാരിനോട് ഹൈക്കോടതി. കെഎസ്ആർടിസിക്ക് 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഈ നിർദേശം വച്ചത്. എന്നാൽ കൂപ്പണുകൾ നൽകാമെന്ന നിർദേശത്തെ ജീവനക്കാർ എതിർത്തു. കുടിശ്ശികയുള്ള ശമ്പളത്തിന് പകരം കൂപ്പണുകൾ ആവശ്യമില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി.
അതേസമയം, കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിനായി 50 കോടി രൂപ നൽകാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, ഈ തുക ഉപയോഗിച്ച് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയുടെ മൂന്നിലൊന്ന് വീതം നൽകാൻ നിർദ്ദേശിച്ചു. കെഎസ്ആർസിക്ക് ധനസഹായം നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ കോടതി വിധി പറയാനായി മാറ്റി.
ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 103 കോടി രൂപ അടിയന്തരമായി കെഎസ്ആർടിസിക്ക് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നേരത്തെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ നൽകിയ അപ്പീലിലായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. സെപ്തംബർ ഒന്നിന് മുൻപ് 103 കോടി രൂപ അനുവദിക്കണം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീൽ നൽകിയത്. സെപ്തംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നത്. എന്നാല്‍, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയല്ലെന്ന് അപ്പീലിൽ സർക്കാർ കോടതിയെ അറിയിച്ചു. മറ്റ് കോർപ്പറേഷനുകളെ പോലെ ഒരു കോർപ്പറേഷൻ മാത്രമാണ് കെഎസ്ആർടിസി എന്നും അതിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയില്ലെന്നായിരുന്നു സർക്കാർ വാദം. റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻസ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആർടിസി. മറ്റ് ബോർഡ്, കോർപ്പറേഷൻ സ്ഥാപനങ്ങൾക്ക് കൊടുക്കുന്ന പരിഗണന മാത്രമേ നൽകാനാകൂ. ധനസഹായമടക്കമുള്ള കാര്യങ്ങളിൽ കെഎസ്ആർടിസിക്ക് പ്രത്യേക പരിഗണന നൽകാനാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പരിഗണിച്ച് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം.