നിയമത്തിന് കീഴില്‍നിന്നുമാത്രം പ്രവര്‍ത്തിച്ചാല്‍ മതി, സ്വയം നിയമമാകണ്ട; ഇഡിക്കെതിരെ സുപ്രീംകോടതി


കേന്ദ്ര ഏജൻസിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) ശക്തമായ വിമര്‍ശനവുമായി സുപ്രീംകോടതി. നിയമത്തിന്റെ കീഴില്‍നിന്നുമാത്രം ഇഡി പ്രവര്‍ത്തിച്ചാല്‍ മതിയെന്നും സ്വയം നിയമമാകാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഛത്തീസ്ഗഡ് മദ്യ അഴിമതി കേസിലാണ് ഇന്ന് സുപ്രീംകോടതിയുടെ ഈ പരാമര്‍ശം. കേസിൽ ഉൾപ്പെട്ട പ്രതികള്‍ക്കെതിരെ നടപടിയുമായി നീങ്ങുന്നതില്‍നിന്ന് ഇഡിയെയും യുപി സര്‍ക്കാറിനെയും സുപ്രീം കോടതി വീണ്ടും വിലക്കി. പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥന്‍ അനില്‍ തുതേജയെയും മകന്‍ യാഷ് തുതേജയെയും അറസ്റ്റ് ചെയ്യുന്നതിനാണ് കോടതിയുടെ വിലക്ക്.
കേസുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള നീക്കവും നടത്തരുതെന്ന് ജൂലൈ 18ന് ഇഡിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ചില വ്യവസ്ഥകള്‍ ഇഡി ലംഘിച്ചെന്ന പ്രതികളുടെ വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് സുപ്രീംകോടതി ഇടപെടല്‍. എന്നാല്‍, കോടതി നിര്‍ദേശം മറികടന്ന് ഇഡി പ്രതികള്‍ക്കെതിരെ പുതിയ നീക്കങ്ങള്‍ നടത്തി.
ഈ വിവരം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇഡിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് നീക്കം. കോടതി നടപടി മറികടന്നാണ് ഇതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചു. പ്രതികള്‍ക്കെതിരെ ജൂലൈ 30ന് പൊലീസ് പുതിയ കേസെടുത്തു. ഈ കേസിന്റെ പേരില്‍ ഇഡിയും അന്വേഷണം തുടര്‍ന്നു. കോടതി വിധി മറികടന്നുള്ള ഇഡി നീക്കത്തിനെതിരെ പ്രതികള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.