മണിപ്പൂർ കലാപത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രീം കോടതി


ദില്ലി: മണിപ്പൂർ കലാപത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് സുപ്രീം കോടതി. അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിനും സുപ്രീം കോടതി നിർദ്ദേശം നൽകി. ആരോപണങ്ങൾ അന്വേഷിക്കാൻ ദത്താത്രയ് പദ്‌സാൽഗിക്കറോട് നിർദ്ദേശിച്ചു. അന്വേഷണത്തിന് ആവശ്യമായ സഹായം നൽകാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകിയ സുപ്രീംകോടതി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ടു. ഇരു റിപ്പോർട്ടുകളും ഒക്ടോബർ 13 ന് കോടതി പരിഗണിക്കും. ഉത്തരവിൻ്റെ പകർപ്പ് ഇന്നലെ രാത്രിയാണ് പുറത്തിറക്കിയത്.
മണിപ്പൂർ കലാപത്തിലും അന്വേഷണത്തിലും അതിനിർണ്ണായക ഇടപെടല്‍ നടത്തിയിരിക്കുകയായിരുന്നു സുപ്രീംകോടതി. സ്വമേധയ എടുത്ത കേസ് ഉൾപ്പെടെ വിവിധ ഹർജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഇടപെടല്ലുണ്ടായത്. മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് കലാപത്തെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചിട്ടുള്ളത്. മുൻ ജഡ്ജിമാരായ ഗീത മിത്തൽ, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരും. ഇതുസംബന്ധിച്ച റിപ്പോർട്ട് സമിതി കോടതിക്ക് സമർപ്പിക്കും. സിബിഐ അന്വേഷണം തടയുന്നില്ലെന്ന വ്യക്തമാക്കിയ കോടതി നിലവിലുള്ള സംഘത്തിനൊപ്പം കോടതി നിയോഗിച്ച അഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി. വിവിധ സംസ്ഥാന പൊലീസുകളിൽ നിന്നായി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും ഇവർ.