ലൈംഗികാതിക്രമ കേസിൽ സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
ലൈംഗികാതിക്രമ കേസില്‍ നിർമ്മാതാവും നടനുമായ സിദ്ദിഖിന് സുപ്രീം കോടതിയിൽ ആശ്വാസം. സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞു. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.
വാദത്തിനായി സിദ്ദിഖിന്റെ മകനും നടനുമായ ഷഹീനും കോടതിയില്‍ എത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് യുവനടി നൽകിയ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്. മുന്‍കൂര്‍ ജാമ്യം തേടി സിദ്ദിഖ്
കേരളാ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.
എന്നാൽ, കേസുമായി ബന്ധപ്പെട്ട വസ്തുതകളും വാദങ്ങളും പരിഗണിക്കാതെയാണ് കേരളാ ഹൈക്കോടതി വിധിയെന്നായിരുന്നു സിദ്ദിഖ് സുപ്രീംകോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത് . അതേസമയം, സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നാവശ്യപ്പെട്ട് കേരളാ സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതേസമയം, സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറത്തിറക്കി പൊലീസ് വലവിരിച്ചെങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല.