അദാനി ഗ്രൂപ്പിന്‍റെ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റ് പൊളിക്കാമെന്ന് സുപ്രിം കോടതി


കൃത്വിമത്വം കാട്ടി ഓഹരി തട്ടിപ്പ് നടത്തിയെന്ന യുഎസ് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നുണ്ടായ കനത്ത ഇടിവ് തുടരുന്നതിനിടെ അദാനി ഗ്രൂപ്പിന് മറ്റൊരു വമ്പൻ പ്രഹരം കൂടി. അദാനി ഗ്രൂപ്പിന്‍റെ കീഴിലുള്ള ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റ് പൊളിക്കാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. അഞ്ച് സംഭരണികൾ ആറ് മാസത്തിനകം പൊളിക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി തീരുമാനം. തമിഴ്‌നാട്ടിലെ ചെന്നൈയിൽ അദാനി ഗ്രൂപ്പിന്‍റെയും കെ ടി വി ഗ്രൂപ്പിന്‍റെയും സംയുക്ത സംരംഭമായിട്ടുള്ള ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റാണ് പൊളിക്കണമെന്ന് സുപ്രീം കോടതിയും നിർദ്ദേശിച്ചത്.
തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന് കാട്ടിയായിരുന്നു നേരത്തെ ഈ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റ് പൊളിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് ഇട്ടത്. ഇതിനാണ് ഇപ്പോൾ സുപ്രീം കോടതിയും പച്ചക്കൊടി കാട്ടിയിരിക്കുന്നത്.