കർണാടകയിലെ മുസ്‌ലിം സംവരണ പ്രസ്താവന: അമിത് ഷാക്കെതിരെ വിമർശനവുമായി സുപ്രീംകോടതി

single-img
9 May 2023

കർണാടകയിൽ മുസ്‍‌ലിം സംവരണം റദ്ദാക്കിയതുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിച്ച് സുപ്രീം കോടതി. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്നാണ് ബിജെപിയുടെ താരപ്രചാരകൻ കൂടിയായ അമിത് ഷായെ കോടതി വിമർശിച്ചത്.

സമീപ കാലത്തായിരുന്നു കർണാടകയിൽ മുസ്‌ലിംകൾക്കുള്ള 4 ശതമാനം സംവരണം ബിജെപി സർക്കാർ റദ്ദാക്കിയത്. ബിജെപിയുടെ ബസവരാജ് ബൊമ്മെ നേതൃത്വം നൽകുന്ന സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് കർണാടകയിലെ പ്രചാരണ റാലിയിൽ പ്രസംഗിച്ചതാണ് അമിത് ഷായ്ക്കു വിനയായത്.

‘‘മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതുകൊണ്ട് മുസ്‌ലിംകൾക്ക് കർണാടകത്തിൽ നൽകിയിരുന്ന 4 ശതമാനം ഒബിസി സംവരണം അവസാനിപ്പിച്ചു’’ എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ.

എന്നാൽ, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പൊതുപ്രവർത്തകർ അഭിപ്രായപ്രകടനം നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും വിഷയങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ കെ.എം.ജോസഫ്, ബി.വി.നാഗരത്ന, അഹ്സാനുദ്ദീൻ അബ്ദുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് അമിത് ഷായുടെ നടപടിയെ വിമർശിച്ചത്.

ഇതുപോലെയുള്ള പ്രസ്താവനകൾ അനുചിതമാണെന്നും കോടതി നടപടികളുടെ പരിശുദ്ധി പാലിക്കണമെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അമിത് ഷാ പ്രസ്താവന നടത്തിയത് കോടതിയലക്ഷ്യമാണെന്ന്, സംവരണം റദ്ദാക്കിയതിനെതിരെ ഹർജി നൽകിയവർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ബെഞ്ചിന്റെ വിമർശനം.

അതേസമയം, കർണാടക സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് മുസ്‌ലിം സംവരണം റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിക്കുന്നതു സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി. അതുവരെ ഉത്തരവ് നടപ്പാക്കില്ലെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകി.