മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പ്രതികരണത്തിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി
ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ഭാഗിക ആശ്വാസം.
സമൂഹമാധ്യമങ്ങളില്‍ പ്രതികരണത്തിനുള്ള വിലക്ക് സുപ്രീംകോടതി നീക്കി. അതേസമയം കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തിയും പ്രതികരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജി കോടതി തീര്‍പ്പാക്കി.
രഹ്ന ഫാത്തിമയ്ക്കെതിരായ കേസുകളിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ രഹ്ന ഫാത്തിമ വീണ്ടും പ്രചരിപ്പിച്ചു. പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും അതിനാല്‍ രഹ്ന ഫാത്തിമയ്ക്ക് ഇളവ് നല്‍കരുതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
‘ഫ്യൂഡല്‍ കാഴ്ചപ്പാടുകള്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം’
ഇതിന് മറുപടിയായി ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രഹ്ന ഫാത്തിമ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. മതം, ലൈംഗികത എന്നിവ സംബന്ധിച്ച പിന്തിരിപ്പന്‍, സങ്കുചിത ചിന്താഗതികളുടെ ഫലമാണ് തനിക്കെതിരായ കേസുകള്‍. ആധുനിക ഭരണഘടനാ ചിന്തകളുള്ള സ്ത്രീകളെ ഇരകളാക്കാനും അടിച്ചമര്‍ത്താനും സര്‍ക്കാര്‍ ശ്രമിക്കുന്നതായും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി.
ഫ്യൂഡല്‍ കാഴ്ചപ്പാടുകള്‍ സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അശുദ്ധരാണെന്ന് കരുതി ക്ഷേത്ര പ്രവേശനം തടയുന്നവര്‍ക്കെതിരെ അയിത്ത നിര്‍മ്മാര്‍ജ്ജന നിയമപ്രകാരം കേസെടുക്കണം. താന്‍ ധരിക്കുന്ന വേഷത്തിലോ ഇഷ്ടപ്പെടുന്ന രീതിയില്‍ ഭക്ഷണം പാകംചെയ്യുന്നതിലോ ശരീരത്തില്‍ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിക്കുന്നതോ ഒന്നും അയ്യപ്പനോ യഥാര്‍ത്ഥ ഹിന്ദുക്കള്‍ക്കോ അവഹേളനം തോന്നില്ലെന്നും സത്യവാങ്മൂലത്തില്‍ രഹ്ന ഫാത്തിമ അഭിപ്രായപ്പെടുന്നു.