ലാവ്‌ലിൻ കേസ് ചൊവ്വാഴ്ച പരിഗണിക്കും
പിണറായി വിജയൻ ഉൾപ്പടെ മൂന്നു പേർ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജി ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, എസ്.രവീന്ദ്ര ഭട്ട്, ജെ.ബി.പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നാല് വർഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവച്ചത്.
നിലവിലെ പ്രതികൾ നൽകിയ അപ്പീലും കക്ഷി ചേരാനുള്ള വി.എം.സുധീരന്റെ അപേക്ഷയും ഉൾപ്പെടെ ആകെ അഞ്ചു ഹർജികളാണ് സുപ്രിം കോടതി പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് രണ്ടാമത്തെ കേസായാണ് ലാവ്‌ലിൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹർജികൾ സുപ്രീം കോടതി സെപ്റ്റംബർ 13നു പരിഗണിക്കുമെന്നു മുൻപു വ്യക്തമാക്കിയിരുന്നു. ഹർജികൾ പലതവണ ലിസ്റ്റ് ചെയ്തിട്ടും മാറിപ്പോകുന്നതു ഹർജിക്കാരിൽ ഒരാളായ ടി.പി.നന്ദകുമാറിന്റെ അഭിഭാഷക എം.കെ.അശ്വതി കോടതിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു സെപ്റ്റംബർ 13ലെ പട്ടികയിൽനിന്ന് ഹർജികൾ നീക്കരുതെന്നു ജസ്റ്റിസ് യു.യു.ലളിത് നിർദേശിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണു സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജിയിൽ 2018 ജനുവരിയിൽ നോട്ടിസ് അയച്ചെങ്കിലും ഇതുവരെയും കേസിൽ വിചാരണ ആരംഭിച്ചിട്ടില്ല.