മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്‌ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കരുത്.
എത്രയും പെട്ടെന്ന് മണിച്ചനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
മണിച്ചനെ മോചിപ്പിക്കാന്‍ പിഴത്തുകയായ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കാണിച്ച് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പിഴത്തുക ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനും കാഴ്ച നഷ്ടമായവര്‍ക്കും നല്‍കാനാണ് ഹൈക്കോടതി വിധിയെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
2000 ഒക്ടോബര്‍ 21 നാണ് കല്ലുവാതുക്കല്‍ മദ്യ ദുരന്തം ഉണ്ടായത്. മുപ്പത്തിയൊന്ന് പേരാണ് മരിച്ചത്. 22 വര്‍ഷമായി മണിച്ചന്‍ ജയിലിലാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് മണിച്ചനടക്കം വിവിധ കേസുകളിലെ 33 പ്രതികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പിഴത്തുക അടയ്ക്കണമെന്ന് ഉപാധിവച്ചതോടെയാണ് മണിച്ചന് പുറത്തിറങ്ങാന്‍ കഴിയാതായത്. ഇതിനെതിരെ ഭാര്യ ഉഷയാണ് സുപ്രീം കോടതിയെ സമീപിച്ചത്.