ഭീമാ കൊറേഗാവ്‌ കേസില്‍ സാമൂഹിക പ്രവര്‍ത്തകനായ ഗൗതം നാവ്‍ലാഖയെ ഒരു മാസത്തേക്ക് വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്

single-img
10 November 2022

ദില്ലി: ഭീമാ കൊറേഗാവ്‌ കേസില്‍ വിചാരണ തടവിലുള്ള സാമൂഹിക പ്രവര്‍ത്തകനായ ഗൗതം നാവ്‍ലാഖയെ ഒരു മാസത്തേക്ക് വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്.

48 മണിക്കൂറിനകം മാറ്റനാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. കര്‍ശന വ്യവസ്ഥകളോടെയാണ്‌ ഗൗതം നാവ് ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നത്.

73 കാരനായ നവ്‌ലാഖ 2018 ഓഗസ്റ്റില്‍ മുതല്‍ ജയിലില്‍ കഴിയുകയാണ്. ത്വക്ക് അലര്‍ജി, ദന്ത പ്രശ്നങ്ങള്‍ എന്നിവയടക്കം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ തനിക്കുണ്ടെന്ന് നവ്‌ലാഖ കോടതിയെ അറിയിച്ചിരുന്നു. ക്യാന്‍സര്‍ സംശയിക്കുന്നതിനാല്‍ കൊളോനോസ്കോപ്പിക്ക് വിധേയമാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

എന്താണ് ഭീമാ കൊറേഗാവ് കേസ്?

പൂണെയിലെ ഭീമാ കൊറേഗാവില്‍ മറാഠാപേഷ്വാമാരോട് ഏറ്റുമുട്ടി ദളിതര്‍ നേടിയ വിജയത്തിന്‍റെ 200ാം വാര്‍ഷികം 2018 ജനുവരി ഒന്നിന് ആഘോഷിച്ചിരുന്നു. ഇതിനിടെ ഹിന്ദുത്വ അനുകൂല മറാഠാ സംഘടനകളും ദളിത് വിഭാഗക്കാരും തമ്മില്‍ ഏറ്റുമുട്ടി. അത് കലാപത്തിലേക്കും വഴിവച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇവിടെ ഡിസംബര്‍ 31ന് നടന്ന എല്‍ഗാര്‍ പരിഷത്ത് പരിപാടിയില്‍ മാവോവാദി സാന്നിധ്യം ഉണ്ടായിരുന്നെന്നാണ് പൊലീസിന്‍റെ ആരോപണം. ഈ പശ്ചാത്തലത്തിലാണ്, ഭീമാ കൊറേഗാവില്‍ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയ മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 2018 ഓഗസ്റ്റില്‍ ഗൗതം നവ്ലഖയടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ അര്‍ബന്‍ നക്സലുകള്‍ എന്നാണ് പൊലീസും മഹാരാഷ്ട്ര സര്‍ക്കാരും വിശേഷിപ്പിച്ചത്.