മണിപ്പൂർ കലാപത്തിൽ റിപ്പോർട്ട് തേടി സുപ്രീം കോടതി;മണിപ്പൂരിലെ സ്ഥിതിഗതികൾ ശാന്തമാകുന്നുവെന്ന് സോളിസിറ്റർ ജനറൽ
ദില്ലി: മണിപ്പൂർ കലാപത്തിൽ റിപ്പോർട്ട് തേടി സുപ്രീം കോടതി. വിശദമായ റിപ്പോർട്ട് നൽകാൻ മണിപ്പൂർ സർക്കാരിന് സുപ്രീം കോടതി നിർദ്ദേശം നൽകി. അതേ സമയം മണിപ്പൂരിലെ സ്ഥിതിഗതികൾ ശാന്തമാകുന്നുവെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹർജികൾ അടുത്ത തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
ഇപ്പോഴത്തെ കലാപത്തിന് പിന്നിൽ ബിജെപിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമാണെന്നും അതിൽ കൃത്യമായ അന്വേഷണം വേണമെന്നും മണിപ്പൂരിലെ മുൻ സമരനായിക ഇറോം ഷർമിള ആവശ്യപ്പെട്ടു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വയുടെ സന്ദർശനത്തിന് പിന്നാലെയാണ് സ്ഥിതി വഷളായതെന്ന ആരോപണമുണ്ട്. ഇതിൽ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. കേന്ദ്രസർക്കാർ ഇതിൽ വേർതിരിവുകളില്ലാതെ ഇടപെടണമെന്നും ഇറോം ഷർമിള ആവശ്യപ്പെട്ടു.
മെയ്തെയ് വിഭാഗത്തിന്‍റെ സംവരണകാര്യത്തിൽ തീരുമാനമെടുക്കാൻ ഉത്തരവിട്ട മണിപ്പൂർ ചീഫ് ജസ്റ്റിസിന് സംസ്ഥാനത്തെ സ്ഥിതിയറിയില്ല. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം വി മുരളീധരൻ പുറത്ത് നിന്നുള്ളയാളാണ്. പക്ഷേ മുഖ്യമന്ത്രി ബിരേൻ സിംഗിന് സ്ഥിതിഗതികളെക്കുറിച്ച് ധാരണയുണ്ടല്ലോ. അദ്ദേഹം മെയ്തെയ് വിഭാഗക്കാരനായി മാത്രം നിലകൊള്ളരുത്, എല്ലാ വിഭാഗങ്ങളുടെയും മുഖ്യമന്ത്രിയാകണമെന്നും ഇറോം ഷർമിള പറഞ്ഞു. കലാപം നിയന്ത്രിക്കുന്നതിൽ ബിരേൻ സിംഗ് കാഴ്ചക്കാരനാകരുത്, വേർതിരിവ് കാണിക്കരുതെന്നും ഇറോം ഷർമിള ആവശ്യപ്പെട്ടു. ഭരണകക്ഷിയായ ബിജെപിക്ക് ഇപ്പോഴത്തെ കലാപം അഴിച്ചുവിടുന്നതിൽ പങ്കുണ്ടെന്ന ആരോപണമടക്കം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഇറോം ഷർമിള, കേന്ദ്രസർക്കാരിന്‍റെ ഇടപെടൽ അത്യാവശ്യമെന്നും പറഞ്ഞു.