ലിംഗ വിവേചന വാക്കുകള്‍ ഒഴിവാക്കി പുതിയ മാതൃകയുമായി സുപ്രീം കോടതി
ജെന്‍ഡര്‍ സംബന്ധിച്ച നിലനിൽക്കുന്ന മാതൃകകളെ പൊളിച്ച് കോടതി മുറികളില്‍ ചില ഭാഷാപ്രയോഗങ്ങള്‍ വേണ്ടെന്ന ഉത്തരവുമായി സുപ്രീം കോടതി. കടുത്തരീതിയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കോടതി മുറികളില്‍ പാടില്ലെന്ന നിഷ്‌കര്‍ഷിച്ചു കൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢിന്റെ നിര്‍ണായക നീക്കം.
കോടതി വിധികളിലും കോടതി മുറികളിലും ചില വാക്കുകളും ഭാഷാ പ്രയോഗങ്ങളും വേണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് പകരം ഉപയോഗിക്കേണ്ട വാക്കുകളടക്കം കൈപുസ്തകമാക്കിയാണ് തീരുമാനമെടുത്തത്. ലിംഗവിവേചനമുളള സ്റ്റീരിയോ റ്റൈപ്ഡ് ഭാഷാപ്രയോഗങ്ങള്‍ കോടതികളില്‍നിന്ന് ഒഴിവാക്കുന്നതിനായാണ് സുപ്രീം കോടതി കൈപ്പുസ്തകം പുറത്തിറക്കിയത്.ഒഴിവാക്കേണ്ട പദങ്ങള്‍-പ്രയോഗങ്ങള്‍, പകരം ഉപയോഗിക്കേണ്ട പദങ്ങള്‍- പ്രയോഗങ്ങള്‍ എന്നിവയാണ് സുപ്രീം കോടതി കൈപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഭാഷയെ ആദ്യം തിരിച്ചറിയുന്നതിലൂടെയും ബദല്‍ വാക്കുകള്‍ നല്‍കുന്നതിലൂടെയും അത്തരം വാര്‍പ്പുമാതൃകകള്‍ തിരിച്ചറിയാനും ഒഴിവാക്കാനും ഇത് ജഡ്ജിമാരെ സഹായിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഉദാഹരണമായി അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങള്‍ ഇനിമുതല്‍ കോടതികളിലോ കോടതി രേഖകളിലോ ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അഭിസാരിക എന്നതിന് പകരം ഇനിമുതൽ ‘വിവാഹത്തിന് പുറത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീ’ എന്നാണ് ഉപയോഗിക്കേണ്ടത്.
അതെപ്പോലെ തന്നെ, ഇനിമുതൽ വേശ്യ എന്ന പദം ഉപയോഗിക്കരുതെന്നും പകരം ‘ലൈംഗിക തൊഴിലാളി’ എന്ന് ഉപയോഗിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. അവിവാഹിതയായ അമ്മയെന്ന് പറയുന്നതിന് പകരം ‘അമ്മ’ എന്ന് പറഞ്ഞാല്‍ മതി. മാത്രമല്ല, ജാരസന്തതി എന്ന് ഉപയോഗിക്കുന്നതിന് പകരം ‘വിവാഹിതരല്ലാത്ത മാതാപിതാക്കള്‍ക്ക് ഉണ്ടായ കുട്ടി’ എന്നാണ് ഉപയോഗിക്കേണ്ടത്.