എസ്‌എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും; പിണറായി വിജയന് നിർണായകം
ന്യൂഡല്‍ഹി: എസ്‌എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും വ്യാഴാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
മുപ്പതിലേറെ തവണ മാറ്റിവെച്ചശേഷമാണ് ലാവലിന്‍ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്ന എട്ടാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. പിണറായി വിജയനെ കേസില്‍ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയതുള്‍പ്പടെയുള്ള ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കേസിന്റെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്, കെ കസ്തൂരി രംഗ അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ നായര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളും സുപ്രീം കോടതി അന്ന് പരിഗണിക്കും. സ്വര്‍ണ്ണക്കടത്ത് കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ ഡി നല്‍കിയ ഹര്‍ജി വ്യാഴാഴ്ചത്തെ മുപ്പതാമത്തെ ഹര്‍ജിയായാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.