രേഖാ രാജിനെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു; എംജി സര്‍വകലാശാലക്കെതിരെ രൂക്ഷ വിമര്‍ശനം
കോട്ടയം എംജി സര്‍വകലാശാലയില്‍ ദളിത് സ്ത്രീആക്ടിവിസ്റ്റായ രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഒരാളുടെ മാത്രം നിയമനത്തിന് പിഎച്ച്ഡി മാര്‍ക്ക് കണക്കാക്കിയത് എന്തിനെന്ന് ചോദിച്ച കോടതി എംജി സര്‍വകലാശാലയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിക്കൊണ്ടാണ് ഹര്‍ജി തള്ളിയത്.
സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.സർവകലാശാലയ്ക്ക് കീഴിലെ ഗാന്ധിയന്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറായുള്ള രേഖ രാജിന്റെ നിയമനത്തിനെതിരെ റാങ്ക് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നിഷ വേലപ്പന്‍ നായരാണ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തത്.
അഭിമുഖശേഷം റാങ്ക് പട്ടികയില്‍ രണ്ടാമതെത്തിയ നിഷ വേലപ്പന്‍ നായര്‍ക്ക് നിയമനം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് ഇതുവരെ സര്‍വകലാശാല നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിഷ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.