പരസ്യം നല്‍കാനുള്ള കെഎസ്‌ആര്‍ടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി

single-img
5 January 2023

ദില്ലി: പരസ്യം നല്‍കാനുള്ള കെഎസ്‌ആര്‍ടിസിയുടെ അവകാശം സംരക്ഷിക്കുമെന്ന് സുപ്രിം കോടതി. പരസ്യം പതിക്കുന്നത് സംബന്ധിച്ച സ്‌കീം നല്‍കാന്‍ കെഎസ്‌ആര്‍ടിസിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

ബസുകളുടെ ഏത് ഭാഗത്ത് പരസ്യം പതിക്കാം എന്നതടക്കമുള്ള കാര്യങ്ങളാണ് സ്കീമില്‍ വിശദീകരിക്കേണ്ടത്. സ്‌കീമില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവില്‍ നിന്ന് സംരക്ഷണം നല്‍കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കെഎസ്‌ആര്‍ടിസിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി, ദീപക് പ്രകാശ് എന്നിവര്‍ സുപ്രീംകോടതിയില്‍ ഹാജരായി.

ബസുകളില്‍ പരസ്യം പതിക്കരുതെന്ന ഹൈക്കോടതിയുടെ ഉത്തരവ് വരുത്തി വച്ചത് വന്‍ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ കെഎസ്‌ആര്‍ടിസി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിസന്ധിയിലായ കെഎസ്‌ആര്‍ടിസി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്നും ഉത്തരവ് കൃത്യമായ പഠനമില്ലാതെയാണെന്നും കെഎസ്‌ആര്‍ടിസി സുപ്രിം കോടതിയില്‍‌ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.

ഹൈക്കോടതി ജഡ്ജിമാര്‍ സ്വമേധയാ കേസ് എടുക്കുന്നതിലെ നടപടിക്രമങ്ങളെയും കെഎസ്‌ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നു. മുന്‍ സുപ്രിം കോടതി വിധിയില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുള്ളതെന്നും കെഎസ്‌ആര്‍ടിസി സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. സാമൂഹിക വിഷയങ്ങളില്‍ ജുഡീഷ്യറിയുടെ ഇടപെടലിനെ അംഗീകരിക്കുമ്ബോള്‍ തന്നെ ഇത്തരം ഉത്തരവുകള്‍ സാമൂഹിക സേവനം എന്ന നിലയില്‍ മുന്നോട്ട് പോകുന്ന കെ എസ് ആര്‍ ടി സിക്ക് തിരിച്ചടിയാണെന്നും ഹര്‍ജിയില്‍ പറയുന്നു.