കഴിഞ്ഞ മാസം വിളിക്കുമ്പോഴും രോഗത്തിൻ്റെ കാര്യം പറഞ്ഞില്ല; സുബിയുടെ ഓർമ്മകളിൽ സുരഭി ലക്ഷ്മി
കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം ഇന്ന് രാവിലെ കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു. അടുത്ത സുഹൃത്തുക്കളില്‍ തന്നെ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് സുബി സുരേഷിന്‍റെ ആരോഗ്യസ്ഥിതിയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് അറിവുണ്ടായിരുന്നത്. സംസ്കാര ചടങ്ങുകള്‍ നാളെ കൊച്ചി ചേരാനല്ലൂര്‍ ശ്മശാനത്തില്‍ നടക്കും.ഇപ്പോഴിതാ, സുബിയെക്കുറിച്ച് ചുരുക്കം വാക്കുകളില്‍ അനുസ്മരിക്കുകയാണ് നടി സുരഭി ലക്ഷ്മി.
സുരഭി ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങിനെ:
“ചേച്ചി വിളിക്കുമ്പോൾ നമ്മൾ ഏത് മൂഡിലാണെങ്കിലും ഫോൺ വെയ്കുമ്പോ നമ്മൾ ചിരിച്ച് മറിയും… “ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?” എന്ന് ചോദിച്ചാണ് വിളിക്കുക. പിന്നെ ഇല്ലത്തെ സംസാരമൊക്കെ കഴിഞ്ഞാണ് പറഞ്ഞു പിരിയുക. കഴിഞ്ഞ മാസം വിളിക്കുമ്പോഴും രോഗത്തിൻ്റെ കാര്യം പറയുകയോ ഒന്നും ചെയ്തില്ല.
നേരത്തെ എനിക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ “നമ്മൾ കോമഡി ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, നിനക്ക് കിട്ടിയ അവാർഡ് നമ്മൾക്ക് എല്ലാവർക്കും കിട്ടിയത് പോലെയാണ്” എന്ന് പറഞ്ഞു വിളിച്ചത് ഇപ്പോഴും ഓർക്കുന്നു.. പ്രിയപ്പെട്ട എൻ്റെ ചേച്ചിക്ക് ആദരാഞ്ജലികൾ..”