ട്രോളർമാർക്ക് ആഘോഷം; സുരാജിന്റെ ദശമൂലം ദാമുവിനെ നായകനാക്കി സിനിമ ഒരുങ്ങും
മമ്മൂട്ടി നായകനായ ചട്ടമ്പിനാട് എന്ന സിനിമയിലൂടെ പ്രേക്ഷകരെയാകെ രസിപ്പിച്ച കഥാപാത്രമാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമു. സോഷ്യൽ മീഡിയയിൽ ട്രോളന്മാരുടെ ഇഷ്ടതാരമായിരുന്ന സലീംകുമാറിനെയും മറികടന്ന് ദാമു മലയാളികളുടെ മീമുകളിൽ ഇടം നേടിയിട്ടുണ്ട്.
ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ കഥാപാത്രം കേന്ദ്രകഥാപാത്രമായി സിനിമ വരികയാണ്. കഥാപാത്രത്തിന്‍റെ സൃഷ്ടാവ് തന്നെയായ ഷാഫിയാണ് സിനിമക്കും പിന്നിലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സൗബിനെ നായകനാക്കി ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമ ഒരുക്കിയ സംവിധായകൻ രതീഷ് ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഉടൻതന്നെ രതീഷും സുരാജും ഒന്നിക്കുന്ന മദനോത്സവം തിയറ്ററുകളിൽ എത്താനിരിക്കെയാണ് സംവിധായകൻ ദശമൂലം ദാമുവിനെക്കുറിച്ച് സിനിമ ഒരുക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ‘സുരാജിനെ ഒരു കഥ പറഞ്ഞ് കേള്‍പ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. എപ്പോള്‍ വേണമെങ്കിലും തമ്മിൽ സംസാരിച്ച് ദശമൂലം ദാമു ഉണ്ടാക്കാം. രണ്ട് പേർക്കും തിരക്കൊഴിഞ്ഞ ഒരു സമയത്തിനായി കാത്തിരിക്കുകയാണ്’- രതീഷ് ബാലകൃഷ്ണൻ പറഞ്ഞു.