അഴിമതിക്കാരെ തുറുങ്കിലടയ്ക്കുന്നത് വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ഗോപിയും ഞങ്ങളും സമരം തുടരും: കെ സുരേന്ദ്രൻ
അഴിമതിക്കാരെ തുറുങ്കിലടയ്ക്കുന്നത് വരെ തൃശൂരിന്റെ മണ്ണിൽ സുരേഷ് ഗോപിയും ഞങ്ങളും സമരം തുടരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സുരേഷ് ഗോപിനയിച്ച തൃശൂരിൽ നടന്ന ഐതിഹാസിക സമരം രാഷ്ട്രീയ പ്രേരിതമായ ഒരു സമരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈ സമരത്തിൽ ഒരു തരിമ്പ് പോലും രാഷ്ട്രീയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പ് കാരണം ജീവൻ ഹോമിക്കപ്പെട്ടവരുടെ കുടുംബങ്ങൾ പദയാത്രയുടെ ഭാഗമായി. ഇതൊരു രാഷ്ട്രീയ സമരം അല്ലാത്തതുകൊണ്ടാണ് അവർ ഈ വേദിയിലെത്തിയത്. ഇതിന് കക്ഷി രാഷ്ട്രീയമില്ല.
ഈ പദയാത്രയിൽ ഞങ്ങൾക്കൊപ്പം അണിനിരന്ന ആയിരക്കണക്കിന് ആളുകളിൽ എല്ലാ പാർട്ടികളിലുംപ്പെട്ട, ഒരു രാഷ്ട്രീയവും ഇല്ലാത്ത, പണം നഷ്ടപ്പെട്ട നിരപരാധികളായിട്ടുള്ള ഒരുപാട് പേർ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സുരേഷ് ഗോപി നയിച്ച സമരം സഹകരണമേഖലയെ തകർക്കാനല്ല, സഹകരണ മേഖലയെ ശക്തിപ്പെടുത്താനാണ് പദയാത്ര നടത്തിയത്. സഹകരണ മേഖലയെ സുതാര്യമായി ജനങ്ങൾക്ക് വേണ്ടി നിലനിർത്താനാണ് ഈ പോരാട്ടം നടത്തുന്നത്. സഹകരണ മേഖലയിലെ പുഴുക്കുത്തുകളോടാണ് സന്ധിയില്ലാത്ത പോരാട്ടം ഞങ്ങൾ നടത്തുന്നത്. പാവപ്പെട്ടവന്റെ ചോരയും നീരും കൊണ്ടാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ വർന്നു പന്തലിച്ചത്. അല്ലാതെ അത് അദാനിയും അമ്പാനിയും നിക്ഷേപിച്ചിട്ടല്ല.
കൂലിവേല ചെയ്യുന്നവൻ, ഓട്ടോറിക്ഷ ഓടിക്കുന്നവൻ, അധ്യാപകർ, പെൻഷൻകാർ ഇവിരുടെയെല്ലാം പണമാണ് സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കപ്പെടുന്നത്. ജീവിതത്തിലെ എല്ലാ സമ്പാദ്യവും ഇവിടെ നിക്ഷേപിച്ചവരുണ്ട്. ഇവരുടെയെല്ലാം സമ്പാദ്യമാണ് കൊള്ളയടിക്കപ്പെട്ടതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.