സുരേഷ് ഗോപി കുറച്ച് വികാരം കൂടിയ ആളാണ്; അദ്ദേഹത്തെ പ്രകോപിപ്പിച്ച് ബിജെപി ഇത് മുതലെടുക്കുന്നു: മുകേഷ്
സുരേഷ് ഗോപിയെ മുൻനിർത്തി ബിജെപി കേരളത്തിൽ മുതലെടുക്കുകയാണെന്ന് കൊല്ലം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും നടനുമായ മുകേഷ്. താൻ സുരേഷ് ഗോപിയുമായി രാഷ്ട്രീയം സംസാരിച്ചിട്ട് കുറേ നാളായെന്നും മുകേഷ് ഒരു ചാനൽ പരിപാടിയിൽ പ്രതികരിച്ചു .
മുകേഷിന്റെ വാക്കുകൾ ഇങ്ങിനെ:
‘സുരേഷ് ഗോപി കുറച്ച് വികാരം കൂടിയ ആളാണ്, അതാണ് ഭരത് ചന്ദ്രനെയൊക്കെ അവതരിപ്പിക്കുമ്പോള്‍ കണ്ടിട്ടുള്ളത്. ഇതിനെ മുതലാക്കി സുരേഷ് ഗോപിയെ പ്രകോപിതനാക്കാനുള്ള കാര്യമാണ് അവരുടെ പാര്‍ട്ടിയിലുള്ളവര്‍ ചെയ്യുന്നത്. എന്നിട്ട് അതൊക്കെ വീഡിയോ എടുത്ത് അവര്‍ തന്നെ പ്രചരിപ്പിക്കും. അങ്ങനെ ചെയ്യരുത്. സുരേഷ് ഗോപിയില്‍ നല്ലൊരു മനുഷ്യനുണ്ട്. മനുഷ്യസ്‌നേഹിയുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് ഞാന്‍ പോയിരുന്നു. ഞങ്ങള്‍ രാഷ്ട്രീയം സംസാരിച്ചിട്ട് കുറേ നാളായി.’, മുകേഷ് പറഞ്ഞു.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് പ്രധാനപ്പെട്ട താരങ്ങളാണ് മത്സരിക്കുന്നത്. ഒന്ന് തൃശൂരില്‍ നിന്ന് സുരേഷ് ഗോപി, രണ്ട് കൊല്ലത്ത് നിന്ന് മുകേഷ്. സുരേഷ് ഗോപി തൃശൂര്‍ ലൂര്‍ദ്ദ് മാതാ പള്ളിയില്‍ കിരീടം നല്‍കിയതുള്‍പ്പടെ ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന്, വിശ്വാസത്തിന്റെ കാര്യത്തില്‍ പബ്ലിസിറ്റി നല്‍കുന്നയാളല്ല താനെന്നാണ് മുകേഷ് പറഞ്ഞത്.