മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ് ; സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ

single-img
29 December 2023

വാർത്ത സമ്മേളനത്തിനിടെ മീഡിയ വൺ ചാനലിലെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ കഴിഞ്ഞ ദിവസം ചുമത്തിയ പിന്നാലെയാണ് മുൻ കൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുൻ‌കൂർ ജാമ്യാപേക്ഷ കോടതി ഇന്ന്പ രിഗണിച്ചേക്കും.

അതേസമയം സുരേഷ് ഗോപിക്കെതിരെ കഴിഞ്ഞ ദിവസം 354ഉം 119 എ വകുപ്പും പോലീസ് ചുമത്തിയിരുന്നു.നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകൾക്ക് പുറമെ ആയിരുന്നു ഇത്. മാത്രമല്ല മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ സുരേഷ് ഗോപി മന:പൂർവ്വം സ്പർശിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.കേസിൽ സുരേഷ് ​ഗോപിയെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചതാണ്.

കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ചോദ്യം ചോദിച്ച മീഡിയ വൺ റിപ്പോർട്ടറുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു.മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും മാധ്യമ പ്രവർത്തകയുടെ തോളില്‍ കൈ വെച്ചു.പൊലീസിലും വനിതാ കമ്മിഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്‍കി. സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു.