ഡോ. വന്ദനയുടെ കുടുംബം സന്ദർശിച്ച് നടൻ സുരേഷ് ഗോപി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇന്ന് കൊല്ലം മുട്ടുച്ചിറയിലെ വീട്ടിലെത്തിയ താരം കുടുംബത്തെ ആശ്വസിപ്പിച്ചു. സന്ദർശനത്തിന് ശേഷം മാധ്യമങ്ങളെ അഭിമുഖീകരിച്ച സുരേഷ് ഗോപി വിഷയവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയെ കാണുമെന്ന് വ്യക്തമാക്കി.
കേരളാ മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം തന്നെ ചുമതലപ്പെടുത്തിയെന്നും അവ മുഖ്യമന്ത്രി സന്ദർശിച്ച് അറിയിക്കുമെന്നും അദ്ദേഹംപറഞ്ഞു. ഇനി ആ കുടുംബത്തിന്റെ ജീവിതത്തിൽ അവശേഷിക്കുന്ന സ്വപ്‌നങ്ങൾ പൊലിഞ്ഞു പോയെന്ന് അദ്ദേഹം പറഞ്ഞു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല.
ഒരു ദുരന്തത്തെക്കാൾ വലിയ ആഘാതമുണ്ടാകുന്നത് കുടുംബം അവരുടെ വേദന പങ്കുവെക്കുമ്പോഴാണ് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സാമൂഹിക ശുദ്ധീകരണം അനിവാര്യമാണ്. സമൂഹം സ്വയം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.