മുല്ലപ്പെരിയാർ പോലെ തുംഗഭദ്രയിലും സുർക്കി മിശ്രിതം; തകരാറിലായത് ഗേറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന റോപ് പൊട്ടിയതിനാൽ
കർണാടകയിലെ തുംഗഭദ്ര ഡാമിലെ ഗേറ്റിന് തകരാർ സംഭവിച്ചത് ഗേറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന റോപ്പ് പൊട്ടിയതിനെ തുടർന്നാണെന്ന് പ്രാഥമിക നിഗമനം. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. 19–ാം ഗേറ്റിനാണ് തകരാർ സംഭവിച്ചത്. ഇതിനെ തുടർന്ന്, എല്ലാ ഗേറ്റുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയോടെ ഗേറ്റ് തകരാറിലായതിനാല്‍ ഇപ്പോൾ ജലം പുറത്തേക്ക് ഒഴുക്കുകയാണ്. ഗേറ്റുകൾ എല്ലാം തുറന്നെങ്കിലും വെള്ളപൊക്കമോ നാശമോ ഉണ്ടാകാനുള്ള സാഹചര്യം ഇല്ലെന്ന് അധികൃതർ അറിയിച്ചു .
കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ട് പോലെ സുർക്കി മിശ്രിതം ഉപയോഗിച്ചാണ് ഡാമിന്റെ ആദ്യനിർമാണങ്ങൾ നടത്തിയത്. അതിനുശേഷം സിമന്റ് ഉപയോഗിച്ച് അനുബന്ധപ്രവർത്തനങ്ങൾ നടത്തി. പമ്പാ സാഗർ എന്നും അറിയപ്പെടുന്ന തുംഗഭദ്ര അണക്കെട്ട് കർണാടകയിലെ തുംഗഭദ്ര നദിക്ക് കുറുകെ നിർമിച്ച ജലസംഭരണിയാണ്.
ജലസേചനം, വൈദ്യുതോൽപ്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം തുടങ്ങിയവയ്ക്കായി ഉപയോഗിക്കുന്ന അണക്കെട്ടാണിത്. കർണാകടയിലെയും ആന്ധ്രയിലെയും കർഷകർ വേനൽക്കാലത്ത് ഉപയോഗിക്കുന്നത് ഈ ഡാമിലെ ജലമാണ്. പശ്ചിമഘട്ടത്തിൽനിന്ന് ഉത്ഭവിക്കുന്ന തുംഗ, ഭദ്ര നദികളിൽനിന്നാണ് തുംഗഭദ്ര എന്ന പേര് ലഭിച്ചത്.
കർണാടകയിലൂടെ 382 കിലോമീറ്റർ ഈ നദികൾ ഒഴുകുന്നുണ്ട്. നദികൾ ആന്ധ്രയിൽ എത്തുമ്പോൾ ഒന്നിച്ചു ചേരും. 1945ൽ പദ്ധതിക്ക് തറക്കല്ലിട്ടു. 1956ൽ പദ്ധതി ഉദ്ഘാടനം ചെയ്തു. സർ ആർതർ കോട്ടൺ ആണ് തുംഗഭദ്ര പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിക്കായി ഏകദേശം 90 ഗ്രാമങ്ങളിലായി 50,000ല്‍ അധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
ഹൈദരാബാദിലെ രാജാവും മദ്രാസ് പ്രസിഡന്‍സിയും ചേര്‍ന്നാണ് നിര്‍മാണം ആരംഭിച്ചത്. സ്വാതന്ത്യം ലഭിച്ചശേഷം മൈസൂർ, ഹൈദരാബാദ് സര്‍ക്കാരുകള്‍ തമ്മിലുള്ള സംയുക്ത പദ്ധതിയായി മാറി. ജലം രണ്ടു സംസ്ഥാനങ്ങളും പങ്കുവയ്ക്കുന്നുണ്ട്. എം. വിശ്വേശ്വരയ്യയാണ് പദ്ധതിക്ക് മേൽനോട്ടം വഹിച്ചത്. അണക്കെട്ടിന്റെ ചെലവ് 16.96 കോടി രൂപയായിരുന്നു.