പി വി അൻവറിന്റെ മിച്ചഭൂമി; തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് റവന്യൂവകുപ്പ്
നിലമ്പൂർ എംഎൽഎയായ പി വി അൻവറിന്റെ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് കണ്ണൂർ സോണൽ ലാന്‍ഡ് ബോർഡ് ചെയർമാൻ. ഭൂമി തിരികെ പിടിക്കാനുള്ള നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം സത്യവാങ്മൂലം നൽകി.
അതേസമയം, മിച്ച ഭൂമി തിരിച്ചു പിടിക്കാൻ കോടതിയുടെ രണ്ട് ഉത്തരവുകൾ ഉണ്ടായിട്ടും അവ നടപ്പിലാക്കാത്തതിൽ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ മുന്നോട്ടു പോകവെയാണ് റവന്യൂ വകുപ്പ് നിരുപാധിക മാപ്പപേക്ഷ നൽകി സാവകാശം തേടിയത്.
2022ൽ പുറപ്പെടുവിച്ച കോടതി ഉത്തരവ് നടപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ട്. താലൂക്ക് ലാൻഡ് ബോർഡ് പുനസംഘടിപ്പിച്ചതും ഉദ്യോഗസ്ഥ അഭാവവും നടപടികൾ വൈകാൻ കാരണമായി. ഇനിയും മൂന്ന് മാസംകൂടി സാവകാശം വേണമെന്നും കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് കേസിൽ നടപടി പൂർത്തിയാക്കാൻ ഒക്ടോബർ 18 വരെ കോടതി സാവകാശം അനുവദിച്ചു.