സൂര്യഗായത്രി കൊലക്കേസ്; പ്രതി അരുണിന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അരുണിനാണ് (29) തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണു ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ജില്ലയിലെ നെടുമങ്ങാട് കരുപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകക്ക് താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തിക്കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച മാതാവ് വത്സലയെ പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി കുറ്റക്കാരണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിധി. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
2021 ആഗസ്റ്റ് 30-ന് ഉച്ചക്ക് രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവ സമയം അടുത്തുണ്ടായിരുന്ന സൂര്യഗായത്രിയുടെ മാതാവ് വത്സല, പിതാവ് ശിവദാസൻ എന്നിവരായിരുന്നു കേസിലെ ദൃക്സാക്ഷികൾ. കേസുമായി ബന്ധപ്പെട്ട് 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. വിനു മുരളി, അഡ്വ. അഖില ലാൽ, അഡ്വ. ദേവിക മധു എന്നിവർ ഹാജരായി.