കൈ കാണിച്ചാൽ നിർത്തണം; കാസര്‍കോട്-കോട്ടയം മിന്നല്‍ ബസ് ആക്രമിച്ച പ്രതികള്‍ പിടിയില്‍
കൈകാണിച്ചിട്ടും നിർത്തിയില്ല എന്ന കാരണത്താൽ കാസര്‍കോട്-കോട്ടയം സർവീസ് നടത്തുന്ന മിന്നല്‍ ബസ് ആക്രമിച്ച പ്രതികള്‍ പിടിയില്‍. പയ്യന്നൂര്‍ രാമന്തളി എട്ടിക്കുളത്തെ ഹംസ മുട്ടുവന്‍(19), കുന്നുംകൈയിലെ ദീപക് ദിനേശന്‍(23), വെസ്റ്റ് എളേരി കോട്ടൂരത്ത് ഹൗസില്‍ കെ ആര്‍ പ്രവീണ്‍(23) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 9.45ന് കാസർകോട് ജില്ലയിലെ നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍വച്ചാണ് ബസ്സിനുനേരെ ആക്രമണമുണ്ടായത്. കോട്ടയത്തേക്കു പോകുകയായിരുന്ന ബസിന് ഇവര്‍ കാഞ്ഞങ്ങാട് സൗത്തില്‍ കൈകാണിച്ചെങ്കിലും ജില്ലകളില്‍ ഒരു സ്‌റ്റോപ്പ് മാത്രം നിശ്ചയിച്ചിരിക്കുന്ന ബസ് നിര്‍ത്തിയില്ല.
ഇതിനുപിന്നാലെ ബസ്സിനുകുറുകെ കാര്‍ നിര്‍ത്തിയിട്ട് കുപ്പികൊണ്ടും കല്ലുകൊണ്ടും എറിയുകയായിരുന്നു . ഇത് മിന്നല്‍ ബസ്സാണെന്നും സ്റ്റോപ്പില്ലാത്തതുകൊണ്ടാണ് നിര്‍ത്താതിരുന്നതെന്നും ഡ്രൈവറും കണ്ടക്ടറും ഇവരോട് പറഞ്ഞെങ്കിലും, കൈനീട്ടിയാല്‍ നിര്‍ത്തണമെന്നായിരുന്നു ഇവർ ഉയർത്തിയ വാദം.
കെഎസ്ആര്‍ടിസിയുടെ പരാതിയില്‍ നീലേശ്വരം എസ്ഐ കെ വി മധുസൂദനനും സംഘവുമാണ് പ്രതികളെ അറസ്റ്റുചെയ്തത്. മൂന്നുപേരെയും ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതി റിമാന്‍ഡുചെയ്തു.