കുർബാന തർക്കം; ബസിലിക്ക പള്ളിയിലെ തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ധാരണ

single-img
24 December 2022

കുർബാനയുടെ പേരിൽ തർക്കം നടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലെ പാതിരാ കുർബാന ഉപേക്ഷിച്ചു. സംഘർഷം ഉണ്ടായതിനെ തുടർന്ന് എഡിഎം വിളിച്ച ചർച്ചയിൽ പാതിരാ കുർബാന ഉൾപ്പെടെയുള്ള തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഇരു വിഭാഗവും തമ്മില്‍ ധാരണയാകുകയായിരുന്നു.

ഇപ്പോഴത്തെ സംഘർഷത്തിന് സമവായം ഉണ്ടായശേഷം ഇനി പള്ളിയിൽ തിരുകർമ്മങ്ങൾ നടത്തിയാൽ മതിയെന്ന നിർദ്ദേശം എല്ലാവരും അംഗീകരിക്കുകയായിരുന്നു. ചർച്ചയിൽ ബസലിക്ക അഡ്മിനിസ്ട്രേറ്റർ ഫാദർ ആന്റണി പൂതവേലിൽ, വിമതവിഭാഗം വൈദിക സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാൻ എന്നിവർ ഉൾപ്പെടെയാണ് പങ്കെടുത്തത്.

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയ്ക്കായിരുന്നു സിറോ മലബാർ സഭയിലെ ഇരുവിഭാഗവും എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിക്കുള്ളിലെത്തി ജനാഭിമുഖവും ഏകീകൃത രീതിയിലുള്ള കുർബാനയും നടത്തി തുടങ്ങിയത്. ഇതിനെത്തുടർന്ന് പള്ളി പരിസരത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥ നീണ്ടുനിന്നു. ഒടുവിൽ പോലീസെത്തി ഇരുകൂട്ടരെയും പുറത്താക്കി പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.