ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നു അപകടം; മരിച്ചവരുടെ എണ്ണം 100 കടന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 177 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരില്‍ ഏറെയും കുട്ടികളും പ്രായമേറിയവരുമാണെന്നാണ് വിവരം.
മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. 19 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. മച്ഛു നദിയില്‍ കര-വ്യോമ-നാവിക സേനകള്‍, എന്‍ഡിആര്‍ഫ്, അഗ്നിശമന സേന തുടങ്ങിയവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മോര്‍ബിയിലെ മച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് വൈകീട്ട് 6.30ഓടെ തകര്‍ന്നത്. അപകടം ഉണ്ടാകുന്ന സമത്ത് അഞ്ഞൂറിലേറെ പേര്‍ പാലത്തിലുണ്ടായിരുന്നു. പുതുക്കി പണിതശേഷം അഞ്ച് ദിവസം മുമ്ബ് തുറന്നുകൊടുത്ത പാലമാണ് തകര്‍ന്നുവീണത്. പാലം തകര്‍ന്ന് നൂറിലേറെ പേര്‍ പുഴയില്‍ വീണെന്നാണ് വിവരം.
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്ബതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ സഹായധനം നല്‍കും.