ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യം വീണ്ടും നീട്ടി; ശിവശങ്കർ റിമാൻഡിൽ തുടരും

single-img
23 June 2023

ലൈഫ് മിഷൻ കോഴക്കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ ജാമ്യം നീട്ടി കോടതി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. സരിത്തിന്റെ ജാമ്യാപേക്ഷയിൽ ഉച്ചയ്ക്കുശേഷം തീരുമാനം എടുക്കും. അതേസമയം ശിവശങ്കറിന്റെ റിമാൻഡ് ഓഗസ്റ്റ് അഞ്ചുവരെ നീട്ടി.

കേസിൽ സ്വപ്നയെയും സരിത്തിനെയും ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്യാത്തതിൽ ഇഡിക്കെതിരെ കോടതി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് കേസ് പരിഗണിക്കവെ കോടതി ചോദിച്ചു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ ഒരുഘട്ടത്തിലും സഹകരിച്ചില്ലെന്നാണ് ഇഡി കോടതിയിൽ അറിയിച്ചത്. കേസിൽ ഫെബ്രുവരി 14 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. യുഎഇ റെഡ് ക്രെസന്റ് നൽകിയ 19 കോടിയിൽ 4.5 കോടി രൂപ കോഴയായി നൽകിയാണു സന്തോഷ് ഈപ്പന്റെ യൂണിടാക് കമ്പനി ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണക്കരാർ നേടിയതെന്നാണ് ഇഡി കേസ്. ശിവശങ്കറിനു കോഴയായി പണം നൽകിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളിൽനിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.