ടി20 ലോകകപ്പ്; ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും
മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം.
അഫ്രീദി പരിക്കില്‍ നിന്ന് മുക്തനായെത്തിയ ആശ്വാസത്തിലാണ് പാകിസ്ഥാന്‍. സന്നാഹ മത്സരത്തില്‍ അഫ്രീദി മികച്ച പ്രകടനം നടത്തിയിരുന്നു. പാകിസ്ഥാനെതിരെ റിഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക് ടീമിലെത്തുമെന്നാണ് സൂചന.
പന്ത് പരിശീലനത്തില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ ദിനേശ് കാര്‍ത്തിക്ക് ബാറ്റിംഗ് കീപ്പിംഗ് പരിശീലനത്തില്‍ സജീവമായി. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത് ഷഹീന്‍ ഷാ അഫ്രീദിയുടെ അതിവേഗ പന്തുകളായിരുന്നു. രോഹിത് ശര്‍മ്മയും കെഎല്‍ രാഹുലും തുടക്കത്തിലെ വീണപ്പോള്‍ ഇന്ത്യയുടെ താളംതെറ്റി.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ ജയവും സ്വന്തമാക്കി. നാളെ മെല്‍ബണില്‍ ഇറങ്ങുമ്ബോഴും അഫ്രീദി തന്നെയാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ഇത് മറികടക്കാന്‍ പ്രത്യേക പരിശീലനമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ നടത്തുന്നത്. നെറ്റ്സില്‍ അഫ്രീദിയുടെ പേസും സ്വിംഗും ബൗണ്‍സും ലെംഗ്‌തും അനുസരിച്ചുള്ള പന്തുകളെറിഞ്ഞാണ് പരിശീലനം. രോഹിത്താണ് കൂടുതല്‍ സമയം പരിശീലനം നടത്തിയത്.
ഹാരിസ് റൗഫ്, നസീം ഷാ എന്നിവരുടെ പന്തുകള്‍ക്കനുസരിച്ചും രോഹിത് ബാറ്റിംഗ് പരിശീലനം നടത്തി. ത്രോഡൗണ്‍ ബൗളര്‍മാര്‍ക്കൊപ്പം മുഹമ്മദ് സിറാജും ഷാര്‍ദുല്‍ താക്കൂറും നെറ്റ്സില്‍ പന്തെറിഞ്ഞു. വിരാട് കോഹ്ലി, ഹര്‍ദ്ദിക് പാണ്ഡ്യ, യുസ്‍വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും പരിശീലന നടത്തി. അതേസമയം, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ എന്നിവരിലാണ് ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷ.
അതേസമയം, സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തില്‍ ഓസീസിനെ 89 റണ്‍സിന് തകര്‍ത്ത് ന്യൂസിലന്‍ഡ് മികച്ച തുടക്കം നേടി. ദേവോണ്‍ കോണ്‍വേയുടെ അര്‍ധ സെഞ്ചുറി മികവില്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തില്‍ 200 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയ 17.1 ഓവറില്‍ 111ന് എല്ലാവരും പുറത്തായി. മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് അഫ്ഗാനിസ്ഥാനെ തകര്‍ത്തു.
ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദ്ദിക് പാണ്ഡ്യാ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, യുസ്‍വേന്ദ്ര ചാഹല്‍.