സ്ത്രീകൾ ജോലിക്ക് വരുന്നത് തടയാന്‍ എല്ലാ എൻജിഓകളോടും ഉത്തരവിട്ട് താലിബാന്‍

single-img
25 December 2022

രാജ്യത്തെ നിയമം അനുശാസിക്കുന്ന ഇസ്ലാമിക വസ്ത്രധാരണ രീതി പാലിക്കാത്ത വനിതാ ജീവനക്കാരെ വീട്ടിലേക്ക് തിരിച്ചയക്കാന്‍ താലിബാന്‍ സര്‍ക്കാര്‍ എന്‍.ജി.ഒകള്‍ക്ക് നിര്‍ദേശം നൽകി. പുതിയ ഒരു അറിയിപ്പുണ്ടാകുന്നത് വരെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടതില്ല എന്ന താലിബാന്‍ സര്‍ക്കാരിന്റെ വിവാദ ഉത്തരവ് പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് ഇപ്പോള്‍ ഈ നടപടിയും.

സ്ത്രീകളായ ജീവനക്കാര്‍ ജോലിക്ക് വരുന്നത് തടയാന്‍ എല്ലാ പ്രാദേശിക- വിദേശ എന്‍.ജി.ഒകളോടും ഉത്തരവിട്ടതായി താലിബാന്‍ സര്‍ക്കാരിലെ സാമ്പത്തിക മന്ത്രാലയം പുറത്തുവിട്ട കത്തില്‍ ചൂണ്ടിക്കാട്ടി . ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വനിതാ ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് സാമ്പത്തിക മന്ത്രാലയ വക്താവ് അബ്ദുള്‍റഹ്മാന്‍ ഹബീബ് കത്തില്‍ പറയുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിക്കുന്ന എന്‍.ജി.ഒകളുടെ അഫ്ഗാനിലെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദാക്കുമെന്നും കത്തിലുണ്ട്. അതേസമയം, അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സികളെ ഉത്തരവ് എങ്ങനെ ബാധിക്കുമെന്നതില്‍ വ്യക്തതയില്ല.